രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്നും വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അക്ബര്‍ ചക്രവര്‍ത്തിയെ ഒഴിവാക്കി മഹാറാണാ പ്രതാപ് സ്ഥാനം പിടിച്ചു

single-img
18 April 2015

Rajasthan-school-childrenരാജസ്ഥാനിലെ പാഠപുസ്തകത്തില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ പ്രാധാന്യം വെട്ടിക്കുറച്ച് രജപുത്ര രാജാവായിരുന്ന മഹാറാണാപ്രതാപിനെ ഉയര്‍ത്തിക്കാട്ടിയ നടപടിയില്‍ വിവാദം പുകയുന്നു. പാഠപുസ്തകങ്ങളിലുള്ള ‘അക്ബര്‍ ദ് ഗ്രേറ്റ് എന്ന വിശേഷണത്തിലെ ‘ഗ്രേറ്റ് ആണ് അടുത്ത അധ്യയന വര്‍ഷത്തേക്കായി രാജസ്ഥാനില്‍ തയാറാക്കിയ പാഠപുസ്തകത്തില്‍ നിന്നും ഇല്ലാതായിരിക്കുന്നത്.

എന്നാല്‍ അക്ബറില്‍ നിന്നും എടുത്തുകളഞ്ഞ ഗ്രേറ്റ് എന്ന വിശേഷണം മഹാറാണാപ്രതാപിന് കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ആര്‍എസ്എസുകാരനായ വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്‌നാനിയുടെ നിര്‍മദ്ദശപ്രകാരമാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. രാജസ്ഥാനിലെ മേവാറിലെ രജപുത്ര രാജാവായിരുന്നു മഹാറാണാപ്രതാപ്.

മഹാറാണാപ്രതാപ് അക്ബറിനെതിരെ യുദ്ധം ചെയ്തിരുന്നുവെന്നും അതിനാല്‍ തന്നെ സമകാലികരായിരുന്ന വ്യക്തികള്‍ ഒരുമിച്ചു മഹാന്മാരാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു. മഹാന്‍ യഥാര്‍ത്ഥത്തില്‍ മഹാറാണാപ്രതാപായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാഠപുസ്ത്കങ്ങളില്‍ അക്ബറിനെക്കുറിച്ചു പഠിപ്പിക്കുമെങ്കിലും മഹാന്‍ എന്ന വിശേഷണം മഹാറാണാപ്രതാപിനു മാത്രമേ നല്‍കൂ എന്നും അദ്ദേഹം വിശദീകരിച്ചു.

കാവിസേനാംഗങ്ങളെ പ്രീതിപ്പെടുത്താനാണ് ഈ മാറ്റമെന്ന് രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പ്രസ്താവിച്ചു.