സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കി കേരളമെന്ന കൊച്ചു സംസ്ഥാനം ഇന്ത്യ മഹാരാജ്യത്തിന്റെ ഉന്നതിയിലേക്ക് നടന്നുകയറിയിട്ട് ഇന്ന് 24 വര്‍ഷം

single-img
18 April 2015

chelakkodan-ayisha(1)

24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം കോഴിക്കോട് മാനഞ്ചിറ മൈതാനിയില്‍ ചേലക്കോടന്‍ ഐഷുമ്മയുടെ കണ്ഠത്തിലൂടെ ഒരു പ്രഖ്യാപനം ഒഴുകിയെത്തി. യുവജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരുമുള്‍പ്പെടെയുള്ള മുന്നുലക്ഷത്തോളം സന്നദ്ധ ഭടന്‍മാരുടെ തോളോടുതോള്‍ ചേര്‍ന്നുള്ള പരിശ്രമത്തിന്റെ ഫലമായി കേരളമെന്ന കൊച്ചു സംസ്ഥാനം ഇന്ത്യയയെന്ന മഹാരാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അസൂയപ്പെടുത്തിക്കൊണ്ട് സമ്പൂര്‍ണ്ണ സാക്ഷരത നേടിക്കഴിഞ്ഞിരിക്കുന്നുവെന്ന ചരിത്രപ്രധാനമായ പ്രഖ്യാപനം.

90 ശതമാനം സാക്ഷരത നേടുന്ന സംസ്ഥാനം സമ്പൂര്‍ണ്ണ സാക്ഷരത സംസ്ഥാനമാകുമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ മാനദണ്ഡപ്രകാരം അതിനും മുകളില്‍ 92.5 ശതമാനം സാക്ഷരതയോടെ കേരളം അത് പ്രാവര്‍ത്തികമാക്കി. സെക്കണ്ടറി തലം വരെ സൗജന്യ വിദ്യാഭ്യാസം നിര്‍ബന്ധമാക്കി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളം സമ്പൂര്‍ണ്ണ സാക്ഷരത എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് ഇറങ്ങിയത് വന്‍ പടയൊരുക്കത്തോടെയായിരുന്നു. 1990-91 കാലഘട്ടത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവകാലത്തായിരുന്നു. വയോജന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് നടന്നടുത്ത കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ വൈകുന്നേരങ്ങളില്‍ കഥകളും പാട്ടും നാടകവും പ്രഭാഷണങ്ങളും മറ്റുമായി പഠന ക്ലാസുകള്‍ സജീവമായി. ”സാക്ഷരതാ യജ്ഞം നാടിന് മോചനത്തിന് വേണ്ടി”, ”അക്ഷരത്തോണിയൊരുക്കമായേ…” തുടങ്ങിയ സാക്ഷരതാ ഗാനങ്ങള്‍ സാക്ഷരതാ കേന്ദ്രങ്ങളില്‍ അലയടിച്ചു.

അക്ഷരം അന്യമായ ലോകത്തുനിന്നും പ്രായഭേദമന്യേ സാധാരണക്കാര്‍ ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി സാക്ഷരതാ ക്ലാസുകളിലേക്ക് ഒഴുകിയെത്തി. അവര്‍ അക്ഷരങ്ങള്‍ സ്വന്തമാക്കി. സ്വന്തം പേരെഴുതിയ, സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ലേറ്റുകള്‍ ഉയര്‍ത്തിക്കാട്ടിയ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ജീവിതാഭിലാഷം പൂര്‍ത്തീകരിച്ച നിര്‍വൃതിയോടെ അവര്‍ കണ്ണുകളില്‍ നിന്നിറ്റിച്ച ആ ജലബിന്ദുക്കള്‍ക്കളില്‍ മാസങ്ങളോളം ഊണും ഉറക്കവുമുപേക്ഷിച്ച് തങ്ങളുടെ ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട മൂന്നുലക്ഷത്തോളം വിദ്യാഭടന്‍മാരോടുള്ള നന്ദിയുടെ തിളക്കമുണ്ടായിരുന്നു.

വിദ്യാഭടന്‍മാരുടെ ഒരുവര്‍ഷത്തോളം നീണ്ട കഠിന ദൗത്യത്തിന് ശേഷം 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ മുല്‍ക്ക്‌രാജ് ആനന്ദ്, ഭീഷ്മസാഹ്നി മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ അനേകം സാക്ഷരതാ പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി, തന്റെ 58 മത് വയസ്സില്‍ കുറ്റിപുള്ളിപ്പറമ്പ് അങ്കണവാടി സാക്ഷരതാ കേന്ദ്രത്തില്‍ നിന്നും അക്ഷരങ്ങളെ സ്വന്തമാക്കിയ ‘വിദ്യാര്‍ത്ഥിനി’ ചോലക്കാടന്‍ അയിഷ നമ്മുടെ കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തി ചരിത്രത്തില്‍ ഇടം നേടി.

അങ്ങനെ 1957 ല്‍ 47.18 ശതമാനമുണ്ടായിരുന്ന കേരളത്തിലെ സാക്ഷരതാ നിരക്ക് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം 90 ശതമാനം കടന്നു. ഒരേ മനസ്സും ഒരേ ചിന്തയുമായി ഒരുലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് ഇറങ്ങിത്തിരിച്ച ലക്ഷക്കണക്കിന് സമരഭടന്‍മാരും, പ്രായഭേദമന്യേ അക്ഷരമെന്ന വിലപ്പെട്ട നിധിയെ സ്വന്തമാക്കണമെന്ന ദൃഡനിശ്ചയത്തോടെ എത്തിയ പഠിതാക്കളും ചേര്‍ന്ന് കേരമെന്ന കൊച്ചു സംസ്ഥാനത്തെ ഉയരങ്ങളിലെത്തിച്ചു. കാലങ്ങളോളം സ്ഥാനഭ്രംശം സംഭമവിക്കാത്തത്ര യരത്തില്‍.