തൊഴില്‍ സമരങ്ങളും വിമര്‍ശനങ്ങളും കൊണ്ട് വികസനം മുടങ്ങുന്ന കേരളത്തില്‍ താല്‍പര്യമില്ലായിരുന്നിട്ടും മലയാളി എന്ന നിലയിലാണ് താന്‍ ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടി ശ്രമം നടത്തുന്നതെന്ന് ഇ. ശ്രീധരന്‍

single-img
18 April 2015

Sreedharanകൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുത്തതിനുശേഷമുണ്ടായ അനുഭവങ്ങള്‍ വെച്ച് കേരളത്തില്‍ വികസനപദ്ധതികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതായെന്നു ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. പക്ഷേ മലയാളി എന്ന നിലയില്‍ നാടിനോടുള്ള കടമയുടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധവും കൊണ്ടണ് താന്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടി ശ്രമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു

ട്രിവാന്‍ഡ്രം ഡവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച ലൈറ്റ് മെട്രോ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറില്‍ പങ്കെടുത്ത വി. ശിവന്‍കുട്ടി എംഎല്‍എ രൂക്ഷവിമര്‍ശനങ്ങള്‍ ഡിഎംആര്‍സിക്കെതിരെ ഉന്നയിച്ചതിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊച്ചി മെട്രോ പദ്ധതിക്കായി ഡിഎംആര്‍സിയെ കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടുവന്ന സിപിഎമ്മിന് തിരുവനന്തപുരത്തു ഡിഎംആര്‍സിയെ വേണ്ടെങ്കില്‍ വേണ്ടെന്നും ഈ ഡിഎംആര്‍സിക്കു കേരളത്തെക്കാള്‍ കൂടുതല്‍ വരുമാനം നേടിത്തരുന്നതും കൂടുതല്‍ എളുപ്പത്തില്‍ നടത്താന്‍ കഴിയുന്നതുമായ ഒട്ടേറെ പദ്ധതികള്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംആര്‍സി തന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമല്ലാത്തതിനാല്‍ കേരളത്തിലെ പദ്ധതികളെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്താന്‍ താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മാത്രമല്ല ലൈറ്റ് മെട്രോ പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്നതു പ്രായോഗികമല്ലെന്നും സ്വകാര്യ പങ്കാളിത്തം തേടിയ സ്ഥലങ്ങളിലെല്ലാം പദ്ധതി പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.