കേരള ഘടകത്തിലെ ചേരിപ്പോര്; പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോക്കും കേന്ദ്ര നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനം

single-img
18 April 2015

PRAKASH_KARATവിശാഖപട്ടണം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോക്കും കേന്ദ്ര നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനം. കേരള ഘടകത്തിലെ തുടര്‍ച്ചയായ ചേരിപ്പോര് അവസാനിപ്പിക്കുന്നതിലടക്കം പ്രകാശ് കാരാട്ടിന്‍െറ നേതൃത്വം പരാജയപ്പെട്ടുവെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കിടെയായിരുന്നു വിമര്‍ശം. പ്രമേയത്തിന്മേലുള്ള ചര്‍ച്ച വെള്ളിയാഴ്ച രാത്രിയോടെ പൂര്‍ത്തിയാക്കി. ശനിയാഴ്ച രാവിലെ ജനറല്‍ സെക്രട്ടറി കാരാട്ട് ചര്‍ച്ചക്ക് മറുപടി നല്‍കും.

കേരളത്തില്‍ പതിറ്റാണ്ടായി തുടരുന്ന വി.എസ്-പിണറായി പോര് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിച്ചത് മഹാരാഷ്ട്ര പ്രതിനിധിയാണ്. കേരളത്തില്‍ പാര്‍ട്ടി ശക്തമാണെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ ചേരിപ്പോരിന്‍േറത് മാത്രമാണ്. പോര് തുടര്‍ക്കഥയായിട്ടും പരിഹാരം കാണാന്‍ കഴിയാത്തത് ദേശീയ നേതൃത്വത്തിന്‍െറ പരാജയമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. കേരളത്തിലെ പ്രശ്നങ്ങള്‍ ദേശീയതലത്തിലും പാര്‍ട്ടിയെ ബാധിക്കുന്നതായി വിമര്‍ശം ഉയര്‍ന്നു. പഞ്ചാബ്, ഹിമാചല്‍പ്രദേശ് പ്രതിനിധികളും ദേശീയ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു.

പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം കേന്ദ്രനേതൃത്വത്തിന്‍െറ പിഴവാണ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് 2009ലും 2014ലും നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിലും അത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും കഴിഞ്ഞില്ല. പാര്‍ട്ടി സംവിധാനത്തില്‍ തന്നെ പൊളിച്ചെഴുത്തുവേണം. അടവുനയം തിരുത്തിയപോലെ സംഘടനാതലത്തില്‍ തിരുത്തല്‍ വേണം എന്ന ആവശ്യവും ഉയര്‍ന്നു.

നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടെന്ന് പി.ബി അംഗം സീതാറം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ സമീപനങ്ങളിലും അവ നടപ്പാക്കിയതിലും വീഴ്ചയുണ്ടായി. ആശയതലത്തിലെ പോരായ്മ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവുനയ രേഖയില്‍ തിരുത്തിക്കഴിഞ്ഞു. പ്രയോഗത്തിലെ വീഴ്ചകള്‍ പരിഹരിക്കാനാണ് പ്ളീനം വിളിച്ചുചേര്‍ത്തത്. വിമര്‍ശങ്ങള്‍ പാര്‍ട്ടി പ്ളീനം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ ഫലപ്രദമായില്ലെന്നും മദ്യപരും റിയല്‍ എസ്റ്റേറ്റുകാരും പെരുകിയെന്നുമുള്ള പരാമര്‍ശങ്ങളടങ്ങിയതാണ് സംഘടനാ റിപ്പോര്‍ട്ട്. സംഘടന റിപ്പോര്‍ട്ടിനെക്കുറിച്ച് നാല് മണിക്കൂര്‍ ഹ്രസ്വ ചര്‍ച്ച മാത്രമേ പാര്‍ട്ടി കോണ്‍ഗ്രസ് ഉണ്ടാവുകയുള്ളൂ. സംഘടന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബറില്‍ പാര്‍ട്ടി പ്ളീനം ചേരുന്ന സാഹചര്യത്തിലാണിതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.