രാഹുല്‍ ഗാന്ധി കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

single-img
18 April 2015

rahulന്യൂഡല്‍ഹി:  കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മദ്ധ്യമപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെയാണ് 57 ദിവസത്തെ അവധിക്ക് ശേഷം മടങ്ങിയെത്തിയ രാഹുൽ കണ്ടത്.

രാവിലെ പത്തു മണിയോടെ തുഗ്ലക്ക് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രണ്ടാംവരവിലൂടെ രാഹുല്‍ പാര്‍ട്ടിയില്‍ സജീവമാകാനൊരുങ്ങുന്നതിന്റെ ആദ്യപടിയാണ് ഈ കൂടിക്കാഴ്ച.

മോഡി സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്മേലുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടത്തിയത്. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.

രാഹുലിന്റെ കൂടിക്കാഴ്ച കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വീടിന് മുന്നിലെ വഴികള്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തിരിച്ചിരുന്നു. ബാരിക്കേഡിന് അടുത്തെത്തി രാഹുല്‍, അവിടെ നിന്നവരുമായി ആശയവിനിമയം നടത്തി. അതേസമയം മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ രാഹുല്‍ തയ്യാറായില്ല.