സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിക്ക് വിജയാശംസ നേര്‍ന്ന് വി.എസ്

single-img
18 April 2015

VS_0വിശാഖപട്ടണം: സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിക്ക് വി.എസ് അച്യുതാനന്ദന്‍റെ പരോക്ഷ പിന്തുണ. ജനറല്‍ സെക്രട്ടറിയെ ഇന്ന് നിശ്ചയിക്കാനിരിക്കേ സീതാറാം യെച്ചൂരിക്ക് വിജയാശംസ നേര്‍ന്ന് വി.എസ് കേരള ഘടകത്തെ വെട്ടിലാക്കി. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകണമെന്ന് താന്‍ ആഗ്രഹിക്കുന്നു. ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നും വി.എസ് പറഞ്ഞു.

തന്റെ വിജയം താങ്കളുടെ വിജയം എന്ന് ഒന്നൊന്നില്ല. എല്ലാവരുടെയും പാര്‍ട്ടിയുടെയും വിജയമാണന്നായിരുന്നു യെച്ചൂരിയുടെ മറുപടി. താനാണ് യെച്ചൂരിയുടെ പേര് ആദ്യം നിര്‍ദേശിച്ചതെന്നും വി.എസ് ഈ അവസരത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് നന്ദി പറഞ്ഞ് യെച്ചൂരി കാറില്‍ കയറി സമ്മേളന സ്ഥലത്തേക്ക് തിരിച്ചു.

നിര്‍ണായക തീരുമാനം വരാനിരിക്കേ താന്‍ ആശംസ നേര്‍ന്നത് സ്വാഭാവികമാണെന്നായിരുന്നു വി.എസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തീരുമാനം വരുന്നതിന് മുന്‍പ് തന്നോട് പ്രതികരണം ആരായേണ്ടെന്നും വി.എസ് പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്.രാമചന്ദ്രന്‍പിള്ളയ്ക്കായി കേരള തമിഴ്‌നാട് ഘടകങ്ങള്‍ ശക്തമായ പോരാട്ടവുമായി രംഗത്തെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് കൂടിയായ വി.എസ് യെച്ചൂരിയെ പിന്തുണയ്ക്കുന്നത്. പശ്ചിമ ബംഗാള്‍, തെലുങ്കാന, ആന്ധ്ര ഘടകങ്ങള്‍ യെച്ചൂരിക്കൊപ്പമാണ്. ത്രിപുര ഇതുവരെ മനസ്സുതുറന്നിട്ടില്ല.