ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവു നല്‍കാന്‍ ഗണേഷ്‌കുമാര്‍ ലോകായുക്തയില്‍ ഹാജരായില്ല

single-img
18 April 2015

Ganeshതിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവു നല്‍കാന്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ലോകായുക്തയില്‍ ഹാജരായില്ല. കഴിഞ്ഞ 30നു മന്ത്രിക്കും സ്റ്റാഫിനുമെതിരെ കോടികളുടെ അഴിമതി ആരോപിച്ചു ഗണേഷ് ലോകായുക്തയില്‍ മൊഴി നല്‍കിയിരുന്നു. സ്വകാര്യ ഹര്‍ജിയില്‍ സാക്ഷിയായി വിസ്തരിക്കുമ്പോഴായിരുന്നു ഇത്. അന്നു മൊഴി നല്‍കിയ ഗണേഷ് കുമാർ ഏതാനും രേഖകളും തെളിവുകളും ഹാജരാക്കിയിരുന്നു. എന്നാൽ ആരോപണങ്ങള്‍ സത്യവാങ്മൂലമായി 16 നകം എഴുതി നല്‍കാനും 17നു കേസ് പരിഗണിക്കുമ്പോള്‍ കൂടുതല്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും ലോകായുക്ത അന്ന് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഗണേഷ് സത്യവാങ്മൂലം നല്‍കുകയോ കഴിഞ്ഞ ദിവസം ഹാജരാകുകയോ ചെയ്യാത്തതിനാൽ കേസ് 27ലേക്കു മാറ്റി. മന്ത്രി ഇബ്രാഹിംകുഞ്ഞിനു പുറമെ അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫിലെ റഹീം, നാസിമുദ്ദീന്‍, അബ്ദുല്‍ റാഫി എന്നിവരാണു മരാമത്ത് വകുപ്പിലെ അഴിമതിക്കു ചുക്കാന്‍പിടിക്കുന്നത് എന്നായിരുന്നു ഗണേഷിന്റെ ആരോപണം. ആദായ നികുതി വകുപ്പോ മറ്റേതെങ്കിലും ഏജന്‍സിയോ ഈ അഴിമതി അന്വേഷിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടിരുന്നു.