ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന് പോയ ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണത്തിൽ വൻ വീഴ്ച്ച

single-img
18 April 2015

RANILകൊച്ചി: ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന് തിരിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വിമനത്താവളത്തിൽ നിന്നും പറത്ത് വരുന്നതിനിടെ വൻ സുരക്ഷാ വീഴ്ച്ച. വിക്രമസിംഗെയ്ക്ക് ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് കേരളത്തിലെത്തിയ വിക്രമസിംഗെയുടെ അകമ്പടി വാഹനം സുരക്ഷാക്രമീകരണം മറികടന്നത്. ഇന്ന് രാവിലെ ശ്രീലങ്കൻ എയർവേഴ്സിൽ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം പുറത്തേക്ക് വരുന്നതിനിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.

രാവിലെ 8.26 ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ റനിൽ വിക്രമസിംഗെ നാലാം ഗേറ്റിലൂടെ പുറത്ത് വരുന്നതിനിടെയാണ് പ്രോട്ടോക്കോൾ ലംഘനം അടക്കമുള്ള വീഴ്ച സംഭവിച്ചത്. പ്രോട്ടോകോൾ അനുസരിച്ച്  ആദ്യം വാണിങ് പൈലറ്റ്,​ പൈലറ്റ്,​ മൊബൈൽ ജാമർ ഇതിന് പിന്നിലായി പ്രധാനമന്ത്രിയുടെ വാഹനം എന്നീ ക്രമത്തിലാണ് സഞ്ചരിക്കേണ്ടത്.  അകമ്പടിയായി മാർഷൽ ഉൾപ്പെടെ പന്ത്രണ്ടോളം വാഹനങ്ങളും ഉണ്ടാകണം.  എന്നാൽ നാലാം ഗേറ്റിലൂടെ പ്രധാനമന്ത്രിയുടെ വാഹനം പുറത്തെത്തി പത്തുമിനിറ്റോളം അകമ്പടി വാഹനങ്ങളൊന്നും പ്രധാനമന്ത്രിയുടെ വാഹനത്തെ അനുഗമിച്ചിരുന്നില്ല. തൊട്ടടുത്തുള്ള പെട്രോൾ പമ്പ് വരെ റനിൽ വിക്രമസിഗെ സഞ്ചരിച്ച ശേഷമാണ് സുരക്ഷ ഉദ്യോഗസ്ഥരടക്കം ഇക്കാര്യം ശ്രദ്ധിക്കുന്നത്.

ആകാശ യാത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഹെലികോപ്ടർ യാത്ര ഒഴിവാക്കിയാണ് എയർലൈൻസ് വിമാനത്തിൽ പ്രധാനമന്ത്രിയെത്തിയത്.ഇന്ത്യയിൽ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചാൽ അവർക്കു നേരെ വെടിവെയ്ക്കാൻ നാവിക സേനയ്ക്ക് അധികാരമുണ്ടെന്ന വിക്രമസിംഗെയുടെ പ്രസ്താവന കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്ന് റനിൽ വിക്രമസിംഗെയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എഡിജിപി പത്മകുമാറിന്റെയും ഐജി അജിത്കുമാറിന്റെയും നേതൃത്വത്തിൽ ആയിരത്തോളം പൊലീസുകാർക്കാണ് സുരക്ഷാചുമതലയുണ്ടായിരുന്നത്.