ഗര്‍ഭിണിയായ കാമുകിയെ കുന്നിന്‌ മുകളില്‍ നിന്നും താഴേയ്‌ക്ക് തള്ളിയിട്ട്‌ കൊല്ലാന്‍ ശ്രമിച്ച യുവാവ്‌ പിടിയിൽ

single-img
18 April 2015

fsg-crime-scene-response-unit-01ജയ്‌പൂര്‍: ഗര്‍ഭിണിയായ കാമുകിയുടെ മുഖം കല്ലുകൊണ്ട്‌ ഇടിച്ചു ചതച്ച ശേഷം കുന്നിന്‌ മുകളില്‍ നിന്നും താഴേയ്‌ക്ക് തള്ളിയിട്ട്‌ കൊല്ലാന്‍ ശ്രമിച്ച യുവാവ്‌ പിടിയിൽ. രാജസ്‌ഥാനിലെ നഹര്‍ഗറിലാണ് സംഭവം നടന്നത്.  150 അടി ഉയരത്തില്‍ അബോധാവസ്‌ഥയില്‍ 12 മണിക്കൂറുകള്‍ ചെലവിട്ട 22 കാരി ഇപ്പോൾ ഗുരുതരാവസ്‌ഥയില്‍ ഐസിയുവിലാണ്‌.

യുവതി നാലുമാസം ഗര്‍ഭിണിയായിരുന്നു.  ഗര്‍ഭം അലസിപ്പിക്കാനുള്ള നിര്‍ദേശം സ്വീകരിക്കാതിരുന്നതാണ്‌ അക്രമത്തിന്‌ കാരണമായതെന്ന്‌ പെണ്‍കുട്ടി പിന്നീട്‌ പോലീസിന്‌ മൊഴി നല്‍കി. വിവാഹം കഴിക്കാനുള്ള പെണ്‍കുട്ടിയുടെ സമ്മര്‍ദ്ദം അവസാനിപ്പിക്കാന്‍ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കി കാമുകന്‍ അവരെ കുന്നിന്‍ മുകളിലേക്ക്‌ കൊണ്ടുപോകുകയും ഉദ്ദേശം നടപ്പാക്കുകയുമായിരുന്നു.

നഹര്‍ഗര്‍ ഭാഗത്തെ പച്ചക്കറി കച്ചവടക്കാരനായ നരേന്ദ്രകുമാറും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ യുവതിയും തമ്മില്‍ ഒന്നരവര്‍മായി ബന്ധമുണ്ടായിരുന്നു.  വിവാഹം കഴിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ ഇയാള്‍ യുവതിയെ പല തവണ പീഡിപ്പിച്ചിച്ചിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതി അപമാനഭീതിയെ തുടര്‍ന്ന്‌ തന്നെ വിവാഹം കഴിക്കാന്‍ നരേന്ദ്രയെ നിര്‍ബ്ബന്ധിച്ചിരുന്നു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ നരേന്ദ്ര യുവതിയുമായി ഓട്ടോ പിടിച്ച്‌ നഹര്‍ഗര്‍ കുന്നില്‍ എത്തുകയുമായിരുന്നു.

ഇവിടെ വെച്ച്‌ നരേന്ദ്ര ഗര്‍ഭഛിദ്രത്തിന്‌ യുവതിയെ പ്രേരിപ്പിച്ചപ്പോള്‍ പ്രതിഷേധിച്ച യുവതിയെ ആക്രമിച്ച ശേഷം കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക്‌ വീണ യുവതി മണിക്കൂറുകളോളം അബോധാവസ്‌ഥയില്‍ കഴിഞ്ഞ ശേഷം പിറ്റേന്ന്‌ രാവിലെ ബോധം വീണു കിട്ടിയതോടെ കുന്നിന്‍ മുകളിലേക്ക്‌ വലിഞ്ഞുകയറുകയും അവിടെ കിടന്നുകൊണ്ട്‌ ഉറക്കെ വിളിക്കുകയും ചെയ്‌തു.

തുടർന്ന് പോലീസ് പിടിയിലായ യുവാവിനെതിരെ കൊലപാതകശ്രമം, ബലാത്സംഗം, വഞ്ചന, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌  ചുമത്തിയിട്ടുള്ളത്‌.