ഐ.പി.എൽ വാതുവയ്പ് കേസ്; പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ സുപ്രീം കോടതി നിയോഗിച്ചു

single-img
18 April 2015

prakasiന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ് കേസ് അന്വേഷിക്കുവാൻ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി വിവേക് പ്രിയദർശിയെ സുപ്രീം കോടതി നിയോഗിച്ചു. ടുജി സ്‌പെക്ട്രം അഴിമതി കേസ് ഉൾപ്പെടെ അന്വേഷിച്ചിട്ടുള്ള സി.ബി.ഐ എസ്.പിയാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബി.ബി മിശ്ര സർവീസിൽ നിന്ന് വിരമിച്ച സാഹചര്യത്തിലാണ് വിവേകിനെ കോടതി നിയോഗിച്ചത്.

അന്വേഷണ ചുമതല വിവേകിനെ ഏൽപ്പിക്കണമെന്ന് ഐ.പി.എൽ വാതുവയ്പ്  അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധ അദ്ധ്യക്ഷനായ സമിതി സുപ്രീം കോടതിയോട് ശുപാർശ ചെയ്തിരുന്നു. സമിതിയുടെ ശുപാർശ ബെഞ്ച് അതേപടി അംഗീകരിക്കുകയായിരുന്നു. വിവേക് പ്രിയദർശിയുടെ മുൻകാല പ്രവർത്തനവും കോടതി നിരീക്ഷിച്ചു. അപേക്ഷ നിരസിക്കാൻ കാരണം കാണുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ഐ.പി.എൽ സി.ഒ.ഒയായ സുന്ദർ രാമനെതിരായ ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന്  കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതും പുതിയ അന്വേഷണ സമിതി വിശമദായി അന്വേഷിക്കും. പുതിയ അന്വേഷണ ഉദ്യോഗസ്ഥന് തന്റെ ടീമിനെ പുനഃസംഘടിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.  ബി.സി.സി.ഐ മുൻ അദ്ധ്യക്ഷൻ എൻ. ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ, രാജസ്ഥാൻ റോയൽസ് സഹയുടമ രാജ് കുന്ദ്ര എന്നിവർ വാതുവയ്പ് സംഭവത്തിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.