തർക്കം നിലനിൽക്കുന്ന സ്പ്രാറ്റ്ലി ദ്വീപിൽ ചൈന റൺവേ നിർമ്മിക്കുന്നു

single-img
18 April 2015

airstrip-chinaബെയ്ജിങ്: മൂന്ന് രാജ്യങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപിൽ ചൈന റൺവേ(എയർസ്ട്രിപ്പ്) നിർമ്മിക്കുന്നു.ദക്ഷിണചൈന കടലിലെ തര്‍ക്കം നിലനിൽക്കുന്ന സ്പ്രാറ്റ്ലി ദ്വീപ് സമൂഹത്തിലാണ് ചൈന റണ്‍വേ നിര്‍മ്മിക്കുന്നതെന്ന് ഉപഗ്രഹചിത്രങ്ങള്‍ വെളിപ്പെടുത്തി. ഈ റണ്‍വേ പൂര്‍ത്തിയായാല്‍ സൈനികവിമാനങ്ങള്‍ ഇറങ്ങാന്‍ ശേഷിയുള്ളതായിരിക്കുമെന്നാണ് സൂചന. സ്പ്രാറ്റ്ലി ദ്വീപിലെ ഫിയറി ക്രോസ് റീഫ് മേഖലയുടെ ഉപഗ്രഹചിത്രത്തിലാണ് റണ്‍വേ നിര്‍മ്മാണം കണ്ടത്തെിയത്.

10,000 അടി നീളത്തിലുള്ളതാണ് റണ്‍വേയെന്നാണ് പ്രാഥമിക നിഗമനം. യുദ്ധവിമാനങ്ങള്‍ക്കും നിരീക്ഷണ വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ കഴിയും. ദക്ഷിണചൈന കടലില്‍ അമേരിക്കയും ചൈനയും തമ്മിലെ മത്സരത്തിന് ഗതിമാറ്റം നല്‍കുന്നതാണ് റണ്‍വേ നിര്‍മ്മാണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഫിയറി ക്രോസ് റീഫില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ ചൈന പദ്ധതിയിടുന്നതായി നേരത്തേതന്നെ സംശയമുയര്‍ന്നതാണ്. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍. മാര്‍ച്ച് 23ന് എടുത്ത ചിത്രമാണ് കഴിഞ്ഞദിവസം ജെയിന്‍സ് പ്രതിരോധ വാരികയാണ് പുറത്തുവിട്ടത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് റണ്‍വേ നിര്‍മ്മാണം ആരംഭിച്ചതെന്നാണ് കരുതുന്നത്.

ഫെബ്രുവരി ആറിന് എടുത്ത മറ്റൊരു ചിത്രത്തില്‍ നിര്‍മ്മാണത്തിന്‍െറ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ല. അമേരിക്കയുടെ സഖ്യകക്ഷിയായ ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ ചെറുരാജ്യങ്ങളാണ് സ്പ്രാറ്റ്ലി ദ്വീപില്‍ അവകാശമുന്നയിക്കുന്നത്.