കാവേരി അണക്കെട്ട് നിര്‍മ്മാണം; കര്‍ണാടകയില്‍ ശനിയാഴ്ച ബന്ദ്

single-img
18 April 2015

harthal-1ബംഗളൂരു: കാവേരി നദിക്കു കുറുകെയുള്ള അണക്കെട്ടിന്‍െറ നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ ശനിയാഴ്ച ബന്ദ്. മേകേദാട്ടുവിലാണ് നിര്‍ദിഷ്ട അണക്കെട്ട് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് കന്നട സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്. ഓട്ടോ ടാക്സി യൂണിയനുകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ജനജീവിതത്തെ ബാധിക്കും. കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ബസ് സര്‍വിസുകള്‍ ഭാഗികമായി തടസ്സപ്പെടും. പണിയാനുദ്ദേശിക്കുന്ന അണക്കെട്ടിനെതിരെ തമിഴ്നാട്ടിലെ കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയിലെ 600ലേറെ പ്രാദേശിക സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചത്. കടകമ്പോളങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്കൂളുകള്‍, കോളജുകള്‍, മാളുകള്‍ എന്നിവ പൂര്‍ണമായും അടഞ്ഞുകിടക്കും. അവശ്യസേവനങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബന്ദ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.