മുംബൈക്ക് തുടര്‍ച്ചയായ നാലാം തോല്‍വി; ചെന്നൈയ്ക്ക് ആറു വിക്കറ്റ് ജയം

single-img
18 April 2015

Pepsi IPL 2015 - M12 MI v CSKമുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആറു വിക്കറ്റിനാണ് തോറ്റത്. മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള ചെന്നൈ പട്ടികയിൽ രണ്ടാമതാണ്. ചമ്പ്യന്മാരായ മുംബൈ ഒരു പോയിന്റും നേടാതെ അവസാന സ്ഥാനത്താണ്.ആദ്യം ബാറ്റ് ചെയ്ത മുംബൈ പൊള്ളാര്‍ഡിന്റേയും രോഹിത് ശര്‍മയുടേയും വെടിക്കെട്ടിന്റെ ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. തുടർന്ന് ചെന്നൈ ഡ്വെയ്ന്‍ സ്മിത്തിന്റെയും മെക്കല്ലത്തിന്റെയും സുരേഷ് റെയ്‌നയുടെയും മികവില്‍ ഈ ലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16.4 ഓവറില്‍ മറികടന്നു.

സ്മിത്ത് 30 പന്തില്‍ നിന്ന് 62ഉം മെക്കല്ലം 20 പന്തില്‍ നിന്ന് 46 ഉം റണ്‍സെടുത്തു. 7.2 ഓവറില്‍ 109 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. നാല് സിക്‌സും എട്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. മെക്കല്ലം രണ്ട് സിക്‌സും ആറ് ബൗണ്ടറിയും നേടി. സുരേഷ് റെയ്‌ന 29 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു. ഡു പ്ലെസ്സിസ് (11), ക്യാപ്റ്റന്‍ ധോനി (3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. അഞ്ച് പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് ബ്രാവോ പുറത്താകാതെ നിന്നു. മുംബൈയ്ക്കുവേണ്ടി ഹര്‍ഭജന്‍ രണ്ടും മലിംഗയും പൊള്ളാര്‍ഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അര്‍ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മയും (31 പന്തില്‍ 50) കീറണ്‍ പൊള്ളാര്‍ഡിന്റെയും (30 പന്തില്‍ 64) മികച്ച ബാറ്റിങ് ആണ് മുംബൈക്ക് ആദ്യ ജയത്തിന്റെ പ്രതീക്ഷ നല്‍കിയ സ്‌കോര്‍ സമ്മാനിച്ചത്. നാല് ഫോറും അഞ്ച് സിക്‌സുമായി പൊള്ളാര്‍ഡും അഞ്ച് ഫോറും ഒരു സിക്‌സുമായി രോഹിത്തും തകര്‍ത്തടിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ പതിവുപോലെ പതറിയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ പാര്‍ഥിവ് പട്ടേലിനെ (0) നഷ്ടമായ മുംബൈക്ക് നാല് ഓവര്‍ ആകുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. കോറി ആന്‍ഡേഴ്‌സണും (4), ലെന്‍ഡല്‍ സിമ്മണ്‍സുമാണ് (5) പുറത്തായത്.

മൂന്ന് വിക്കറ്റിന് 12 എന്ന നിലയില്‍ പതറിയ മുംബൈയെ നാലാം വിക്കറ്റില്‍ ഹര്‍ഭജന്‍ സിങ്ങും (21 പന്തില്‍ 24) രോഹിതും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ഹര്‍ഭജന്‍ മടങ്ങി. പിന്നീടെത്തിയ പൊള്ളാര്‍ഡ് രോഹിതിനെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ചതോടെ മുംബൈ സ്‌കോറിങ്ങിന്റെ ഗതിമാറി.

ചെന്നൈക്കായി ആശിഷ് നെഹ്‌റ നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ബ്രാവോ രണ്ടും മോഹിത് ശര്‍മ ഈശ്വര്‍ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.