ബംഗാളില്‍ നിന്നുമെത്തി അടൂരില്‍ ആശുപത്രി നടത്തിയ ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസമുള്ള വ്യാജ ഡോക്ടറും സഹായികളും പിടിയില്‍

single-img
17 April 2015

fake-doctersബംഗാളില്‍ നിന്നുമെത്തി അടൂരില്‍ ആശുപത്രി നടത്തിയ ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസമുള്ള വ്യാജ ഡോക്ടറും സഹായികളും പിടിയിലായി. അടൂര്‍ കണ്ണങ്കോട് ബിശ്വാസ് ഭവനില്‍ വാടകയ്ക്ക് താമസിച്ച് ചികിത്സ നടത്തുകയായിരുന്ന പശ്ചിമബംഗാള്‍ പര്‍ഗാന ജില്ലയില്‍ ഗോപാലനഗര്‍ വില്ലേജിലെ ഡയമണ്ട് വിശ്വാസ് (35), പ്രകാശ് റോയി (21), ചിരംജിത്ത് വിശ്വാസ് (21) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.

ഡയമണ്ട് വിശ്വാസ് തനിക്ക് ആയൂര്‍വേദ ബിരുദം ഉണ്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉത്തരവുകളോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചായിരുന്നു ചികിത്സ നടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ഒമ്പതാംക്ലാസ് വിദ്യാഭ്യാസമേയുള്ളൂവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഡയമണ്ട് വിശ്വാസിന്റെ സഹായികളായിരുന്നു പ്രകാശ് റോയി, ചിരംജിത്ത് വിശ്വാസ് എന്നിവര്‍. അര്‍ശസ്, മൂലക്കുരു, ഫിസ്തൂല എന്നീ രോഗങ്ങള്‍ ഓപ്പറേഷന്‍ കൂടാതെ ഒരു മാസത്തിനകം സുഖപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നും വന്‍തുകയാണ് കൈപ്പറ്റിയതെന്നു പോലീസ് അറിയിച്ചു. ഇവര്‍ നല്‍കിയ പരസ്യം കണ്ട് ദിനംപ്രതി നിരവധിപേരാണ് ചികിത്സയ്ക്ക് എത്തിയിരുന്നത്.

ഒരു ദിവസത്തെ ചികിത്സക്ക് 1,000 രൂപാ വീതം രോഗികളില്‍നിന്നും വാങ്ങിയിരുന്നതായും പോലീസ് അറിയിച്ചു. വഞ്ചനക്കും ട്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡി ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്‌മെന്റ് ആക്ട് പ്രകാരവുമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.