ഇനി നിയമപോരാട്ടം, കേരളാ കോണ്‍ഗ്രസ് ഭരണഘടനയും പാര്‍ട്ടി രജിസ്‌ട്രേഷനും ചോദ്യം ചെയ്ത് പി.സി ജോര്‍ജ്

single-img
17 April 2015

pc-george-media.jpg.image.576.432കോട്ടയം : കേരളാ കോണ്‍ഗ്രസ് ഭരണഘടനയും പാര്‍ട്ടി രജിസ്‌ട്രേഷനും ചോദ്യം ചെയ്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ പി.സി ജോര്‍ജ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് പി.സി ജോര്‍ജിന്റെ നീക്കം.. അഡ്വ കാളിശ്വരം രാജും പി.സി ജോര്‍ജും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത് ഇത് സംബന്ധിച്ച കാര്യങ്ങളാണെന്നാണ് സൂചന.

രണ്ടായിരത്തോളം ആളുകളുള്ള സംസ്ഥാന കമ്മറ്റിയോഗം കൂടാറില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ വേദിയില്ലെന്നും ചൂണ്ടിക്കാണിച്ചാകും ജോര്‍ജ് കേസ് നല്‍കുക. ഒപ്പം കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയില്‍ പെടാതെ എങ്ങനെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്താല്‍ എന്ത് നിയമനടപടിയെടുക്കാന്‍ സാധിക്കുമെന്നും തനിക്കും ഒപ്പമുള്ള ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ക്കും മുന്നോട്ടുള്ള സാധ്യതകള്‍ എന്തെല്ലാമാണെന്നുമുള്ള നിയമോപദേശവും ജോര്‍ജ് തേടി .

ഒപ്പം ഇന്ന് ചേരുന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗത്തില്‍ വീണ്ടും നടപടിയുണ്ടാകുമെന്ന വ്യക്തമായ സൂചനയും ജോര്‍ജിന് ലഭിച്ചിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍ജീവിപ്പിച്ച കേരളാ കോണ്‍ഗ്രസ് സെകുലറിലേക്ക് താനും കൂടിയെത്തിയാല്‍ എന്തെല്ലാം നിയമക്കുരുക്കുകളെ അഭിമുഖീകരിക്കേണ്ടി വരും എന്നതും ചര്‍ച്ചാവിഷയമായി. ബാര്‍ക്കോഴക്കേസില്‍ കെ.എം മാണിക്കും ജോസ് .കെ മാണിക്കുമെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജിനെ ഇന്ന് തന്നെ വീണ്ടും അച്ചടക്കനടപടിക്ക് മാണി ഗ്രൂപ്പ് വിധേയനാക്കം. ഒരു നിശ്ചിത സമയത്തേക്ക് പി.സി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മാണി ഗ്രൂപ്പില്‍ തീരുമാനമായിട്ടുണ്ട്. ഇതിനെയല്ലാം ചോദ്യം ചെയ്താണ് നിയമപോരാട്ടം നടത്തുക