ഇടവേള ബാബുവിനെ തിരിച്ചു വിളിക്കില്ല; മുതിര്‍ന്ന നടന്‍ മധു ഉള്‍പ്പെടെയുള്ളവര്‍ ചലചിത്രവികസന കോര്‍പ്പറേഷന്‍ ഭരണസമിതിയിലെത്തും

single-img
17 April 2015

idavela-babu-in-fathers-day-720കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതിനെത്തുടര്‍ന്ന് കേരള സംസ്ഥാന ചലചിത്രവികസന കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ നിന്നും രാജിവെച്ച ഇടവേളബാബു ഉള്‍പ്പെടെയുള്ളവരെ മടക്കിവിളിക്കേണ്ടെന്നും പകരം നടന്‍ മധു അടക്കമുള്ള പരിചയ സമ്പന്നരായ നടീനടന്‍മാരെ ഭരണസമിതിയില്‍ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

നടന്‍ സലീംകുമാറിന് മെച്ചപ്പെട്ട സ്ഥാനം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ പട്ടിക വകുപ്പ് മന്ത്രിയുടെ പരിഗണനയ്ക്കുവിട്ടിരിക്കുകയാണെന്നും അദ്ദേഹം അംഗീകരിക്കുന്ന മുറയ്ക്ക് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കാത്ത ആരെയും പരിഗണിക്കില്ലെന്നും രാജിവച്ചവരെ ഒരു കാരണവശാലും തിരികെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നത് രാജിവച്ച അംഗങ്ങളേക്കാല്‍ മികവുള്ളവരെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് വൈസ് ചെയര്‍മാനായ ഇടവേള ബാബു, ദിലീപ്, മണിയന്‍പിള്ള രാജു, സിദ്ദിഖ്, കാലടിഓമന, ഇബ്രാഹിംകുട്ടി, സംവിധായകന്‍ ഷാജി കൈലാസ്, ഛായാഗ്രാഹകന്‍ എസ്. കുമാര്‍ എന്നിവര്‍ രാജിവച്ചത്.