ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച

single-img
17 April 2015

abdurabbകൊച്ചി: ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് നടക്കും.  എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉത്ഘാടനം നിര്‍വഹിക്കും. 2000ലാണ് സംസ്ഥാന സാക്ഷരത മിഷന്‍ ആദ്യമായി നാലാംതരത്തിന്റെ തുല്യത കോഴ്സ് ആരംഭിക്കുന്നത്.  പിന്നീട് 2005ല്‍ ഏഴാംതരം തുല്യതയും 2006ല്‍ 10ാംതരം തുല്യതയും ആരംഭിച്ചു. സ്കൂള്‍ പഠനം മുടങ്ങിയവര്‍ക്കാണ് തുല്യത കോഴ്സുകള്‍ നടത്തുന്നത്.  നാല്, ഏഴ് തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ തുല്യത ബോര്‍ഡും 10ാംതരം തുല്യത സര്‍ട്ടിഫിക്കറ്റ് പൊതുവിദ്യാഭ്യാസവകുപ്പ് പരീക്ഷഭവന്‍ വഴിയുമാണ് നല്‍കുക.

2015 ഏപ്രിൽ 18 മുതൽ 2016 ഏപ്രിൽ 18വരെ അക്ഷരവർഷമായി ആചരിക്കും. വിവിധ ജില്ലകളിലായി 25 പരിപാടികൾ സംഘടിപ്പിക്കും.  ഇപ്പോള്‍ ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലേക്ക് 25,000 പേര്‍ ഇതിനകം ചേര്‍ന്നിട്ടുണ്ട്. കോമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളാണ് ഉള്ളത്. ഈ മാസം അവസാനവാരം അധ്യാപകപരിശീലനം ആരംഭിക്കും. മേയ് ഒന്നാംവാരത്തില്‍ പഠനക്ളാസുകള്‍ തുടങ്ങുന്നതിനാണ് തീരുമാനം.

എല്ലാ ജില്ലയിലും ഈ ആഴ്ചയില്‍ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടക്കും. അതുല്യംപദ്ധതിക്ക് മാതൃകപരമായ നേതൃത്വം നല്‍കുന്ന ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാരെ ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ആദരിക്കും. മന്ത്രി അനൂപ് ജേക്കബ് അതുല്യം പരീക്ഷാവിളംമ്പരം നടത്തും. രജതജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിക്കും.