ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാന്‍ ഉപയോഗിക്കുന്നത് ആകരുത്- സുപ്രീംകോടതി

single-img
17 April 2015

supreme courtന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള മഹാന്മാരെയും മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കാന്‍ ഉപയോഗിക്കുന്നതാകരുത് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന് സുപ്രീംകോടതി.

മനപ്പൂര്‍വമുള്ള നിന്ദയും അസഭ്യപ്രയോഗവും ഐപിസി 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു. അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല അഭിപ്രായസ്വാതന്ത്ര്യം.  മാന്യമായ രീതിയില്‍ ഏത് വിമര്‍ശനവും സ്വീകാര്യമാണ്. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്ന് കോടതി പറഞ്ഞു.

തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറാത്തി കവി വസന്ത് ദത്താത്രയ് നല്‍കിയ ഹര്‍ജി പരിഗണിക്കുക ആയിരുന്നു കോടതി. വസന്ത് 1984-ല്‍ എഴുതിയ കവിതയില്‍ ഗാന്ധിജിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനെതിരെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. കവിത വിവാദമായപ്പോള്‍ തന്നെ കവി മാപ്പു ചോദിച്ചിരുന്നു. അതിനാല്‍ കവിതയിലൂടെ ഗാന്ധിയെ നിന്ദിച്ചത് കുറ്റകരമാണെങ്കിലും ക്രിമിനല്‍ നടപടികളില്‍ ഇളവു ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിധി പിന്നീട് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു.