മുട്ടാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സഹോദരിമാർ മുങ്ങി മരിച്ചു

single-img
17 April 2015

girls-diedആലുവ: മുട്ടാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സഹോദരിമാർ മുങ്ങി മരിച്ചു. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമിക്കുന്നതിനിടെ മുങ്ങിത്താണ മുത്തശ്ശിയെ താറാവു നോട്ടക്കാരൻ രക്ഷപ്പെടുത്തി. പാനായിക്കുളം കോട്ടപ്പള്ളിക്കുന്നിൽ ചിറക്കത്തറ വീട്ടിൽ സുരേഷ് – വത്സല ദമ്പതികളുടെ മക്കളായ ആതിര (14), അക്ഷര (12) എന്നിവരാണ് മരിച്ചത്. വത്സലയുടെ മാതാവ് അമ്മിണിയാണ് രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മഞ്ഞുമ്മൽ ദേവസ്വംപാടം റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളിക്കടവിലാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആതിര ഒൻപതിലും അക്ഷര എട്ടാം ക്ളാസിലും പരീക്ഷ എഴുതിയിരിക്കുകയാണ്.

പാനായിക്കുളം എൽ.എഫ് എച്ച്.എസ് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ്. അപകടം നടന്ന കടവിന് എതിർവശമുള്ള കടവിൽ നാലുവർഷം മുമ്പ് അഞ്ച് പേർ മുങ്ങി മരിച്ചിട്ടുണ്ട്. അനധികൃത മണൽ വാരൽ മൂലം രൂപംകൊണ്ട വൻകുഴികളാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.