പാക്കിസ്ഥാന്‍ അനുകൂല പ്രകടനം;വിഘടനവാദി നേതാവ് മസ്രത് ആലം വീണ്ടും അറസ്റ്റില്‍

single-img
17 April 2015

masarat-alam-arrestedകശ്മീര്‍:  ശ്രീനഗറിലെ റാലിയില്‍ പാക്കിസ്ഥാന്‍ അനുകൂല പ്രകടനം നടത്തിയതിന് വിഘടനവാദി നേതാവ് മസ്രത് ആലം വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആലം വീട്ട് തടങ്കലിലായിരുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനിയെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. കശ്മീരിലെ സംഘര്‍ഷബാധിത മേഖലയായ ത്രാലില്‍ ഇന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് ഗിലാനി നിശ്ചയിച്ചിരുന്ന റാലിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

ശ്രീനഗറിലെ റാലിയില്‍ പാക്കിസ്ഥാന്‍ പതാക ഉപയോഗിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. റാലി സംഘടിപ്പിച്ച വിഘടനവാദി നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം കശ്മീര്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം കേന്ദ്രം നല്‍കിയതിനെ തുടര്‍ന്നാണ് റാലിയില്‍ പങ്കെടുത്ത ഇരുനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്നും ആലത്തെ പിന്നീട് അറസ്റ്റ് ചെയ്തതും.

കഴിഞ്ഞ തിങ്കളാഴ്ച സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടയ്ക്ക് ഒരു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ത്രാലില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതിനെ തുടര്‍ന്നാണ് വിഘടനവാദി നേതാക്കള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കാനിരുന്നത്. ത്രാല്‍ സന്ദര്‍ശിക്കാന്‍ ഗിലാനിയെ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

മൂന്ന് മാസത്തെ ഡല്‍ഹി വാസത്തിന് ശേഷം കശ്മീര്‍ താഴ്‌വരയില്‍ മടങ്ങിയെത്തിയ ഗിലാനിയെ സ്വീകരിക്കുന്നതിനു വേണ്ടിയാണ് ശ്രീനഗറില്‍ ആലം റാലി സംഘടിപ്പിച്ചത്.

2010ല്‍ നൂറോളം പേര്‍ കൊല്ലപ്പെട്ട പ്രതിഷേധപരിപാടി സംഘടിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായ ആലത്തെ മുഫ്തി മുഹമ്മദ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കകം ജയില്‍ മോചിതനാക്കിയത് വിവാദമായിരുന്നു. കശ്മീരില്‍ മുഫ്തി സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ബിജെപി നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് കശ്മീരിലെ പിഡിപി-ബിജെപി ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.