ഭൂപരിഷ്‌കരണനിയമം ഭേദഗതിചെയ്യണമെന്ന് യു.ഡി.എഫ് നേതൃയോഗം

single-img
17 April 2015

commiteeതിരുവനന്തപുരം: തരിശുഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കായി നല്‍കുന്നതിനും പുറമ്പോക്കുഭൂമി പതിച്ചുനല്‍കുന്നതിനും  തക്ക വിധത്തില്‍ ഭൂപരിഷ്‌കരണനിയമം ഭേദഗതിചെയ്യണമെന്ന് യു.ഡി.എഫ് നേതൃയോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. നെല്‍വയല്‍തണ്ണീര്‍ത്തട നിയമത്തിലും ഭേദഗതി വേണമെന്ന് യോഗം നിര്‍ദേശിച്ചിട്ടുണ്ട്.  ഭേദഗതിചെയ്യുന്ന വിധത്തില്‍ നിയമത്തിന്റെ കരട് തയ്യാറാക്കി അടുത്ത യു.ഡി.എഫ് യോഗത്തില്‍ കൊണ്ടുവരാന്‍ റവന്യു മന്ത്രിയോട് നിര്‍ദേശിച്ചു. കണ്‍വീനര്‍ പി.പി തങ്കച്ചനാണ് പത്രസമ്മേളനത്തില്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്.

കുടിശ്ശികയുള്ള ക്ഷേമപെന്‍ഷനുകളുടെ വിതരണമടക്കം സര്‍ക്കാര്‍ ഉടനടി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ യോഗം നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുക, നിര്‍മാണമേഖലയുടെ സ്തംഭനം കണക്കിലെടുത്ത് കരാറുകാരുടെ കുടിശ്ശിക ഉടന്‍ നല്‍കുക, കശുവണ്ടികയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക,  റബ്ബര്‍ വിലയിടിവ് തടയാന്‍ നടപടിയെടുക്കുക, പട്ടയവിതരണം ഊര്‍ജിതമാക്കുക,  കുടിശ്ശിക നല്‍കി കൂടുതല്‍ നെല്‍ സംഭരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുത്ത് മുന്നോട്ടുപോകണമെന്ന് മുന്നണിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാരെയും വകുപ്പ് മേധാവികളെയും മുഖ്യമന്ത്രി വിളിച്ച് ചര്‍ച്ചനടത്തി ഉടനടി തീരുമാനമെടുക്കണം. ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിലെ അപാകം പരിഹരിക്കണം. പ്രത്യേകിച്ചും മലപ്പുറം, എറണാകുളം ജില്ലകളിലാണ് അപാകം കൂടുതലായുള്ളത്.