ഊര്‍ജ്ജ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യയ്ക്ക് അടുത്ത 5 വര്‍ഷത്തേക്ക് യുറേനിയം നല്‍കാമെന്ന് നരേന്ദ്രമോദിക്ക് കാനഡയുടെ ഉറപ്പ്

single-img
16 April 2015

Narendra Modi42 വര്‍ഷത്തിന് ശേഷം ആദ്യമായി കാനഡ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് കാനഡയുടെ ഭാഗത്തു നിന്നും ഊര്‍ജ്ജ പ്രതിസന്ധി പരിഹരണ വാഗ്ദാനം. ഊര്‍ജ്ജ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യയ്ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് യുറേനിയം നല്‍കാമെന്നത് സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളും കഴിഞ്ഞ ദിവസം ധാരണയിലെത്തി.

ആണവ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കാനാണ് യുറേനിയം. 254 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് 3000 മെട്രിക് ടണ്‍ യുറേനിയത്തിന് ഇന്ത്യ നല്‍കേണ്ട വില. ഇന്ത്യയുടെ ആണവ പദ്ധതികളില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ സഹകരിക്കുന്നത്. ആണവ മേഖലകളില്‍ സഹകരിക്കാനുളള ഇന്ത്യാ കാനഡ ഉഭയകക്ഷി കരാര്‍ 2013ല്‍ നിലവില്‍ വന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറും തമ്മിലുളള കൂടിക്കാഴ്ചയിലാണ് വിതരണത്തിന് സംബന്ധിച്ച ധാരണയുണ്ടായത്.

റഷ്യയ്ക്കും കസാക്കിസ്ഥാനും ശേഷം ഇന്ത്യയ്ക്ക് യുറേനിയം വിതരണം ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് കാനഡ. 1970 മുതല്‍ ഇന്ത്യ തങ്ങളുടെ സാങ്കേതികത ഉപയോഗിച്ച് ആണവ ബോംബുകള്‍ നിര്‍മിക്കുന്നു എന്നാരോപിച്ച് യുറേനിയത്തിന്റെയും മറ്റ് ആണവ സാമഗ്രികളുടെയും കയറ്റുമതി കാനഡ നിരോധിച്ചിരുന്നു.