ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ ചന്ദ്രയാന്‍ രണ്ടും, സൂര്യനെക്കുറിച്ച് പഠിക്കാന്‍ ആദിത്യയും അണിയറയില്‍ ഒരുങ്ങുന്നു

single-img
16 April 2015

Chandrayaanലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റം. രണ്ടു വര്‍ഷത്തിനുള്ളില്‍ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കുമെന്നും സൂര്യനെ കുറിച്ച് പഠിക്കാന്‍ ആദിത്യ എന്ന പേടകം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും വി.എസ്.എസ്.സി ഡയറക്ടര്‍ എം.സി. ദത്തന്‍ അറിയിച്ചു. തൃശൂര്‍ പൂരം പ്രദര്‍ശനനഗരിയിലെ ഐ.എസ്.ആര്‍.ഒ പവലിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാന്റെ തുടര്‍ച്ച എന്ന രീതിയിലാണ് ചന്ദ്രയാന്‍ 2 ചന്ദ്രനെ ലക്ഷ്യമാക്കി അയക്കുന്നത്. ഇന്ത്യയുടെ അഭിമാന പ്രോജക്ടായാണ് ആദിത്യ മിഷനെ അദ്ദേഹം വിശേഷിപ്പിച്ചത്. സൂര്യന്റെ ചൂട്, റേഡിയേഷന്‍ എന്നിവയെക്കുറിച്ചും സൂര്യനെ എങ്ങനെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉപയോഗിക്കാമെന്നും പഠിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് ആദിത്യ ദൗത്യം.

അതിനുശേഷം ലോകത്തെ വിസ്മയിപ്പിച്ച മംഗള്‍യാന്റെ തുടര്‍ച്ചയായ മംഗള്‍യാന്‍ 2 നാസയുടെ സഹകരണത്തോടെ വിക്ഷേപിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തവെല്ലുവിളിയായ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്നുള്ളത് വളരെ ചെലവുള്ള പദ്ധതിയായതിനാല്‍ അതിനുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാവാന്‍ തടസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സാങ്കേതിക വിദ്യയായ ജി.പി.എസിനെക്കാള്‍ മികച്ച സേവനം ലഭ്യമാക്കുന്ന ഏഴ് ഉപഗ്രഹങ്ങളുടെ ശൃംഖലയായ ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം ഐ.ആര്‍.എന്‍.എസ്. എസ് (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) അടുത്തവര്‍ഷം അവസാനത്തോടെ പൂര്‍ണമായും ഉപയോഗയോഗ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.