ഇനി മുതൽ കുവൈത്തിലെ നഴ്‌സുമാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം അവധി

single-img
16 April 2015

IndianNurseOct202012കുവൈത്ത് സിറ്റി: കുവൈത്തിലെ നഴ്‌സുമാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം അവധി നല്‍കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ നഴ്‌സസ് അസോസിയേഷന്റെ ഏറെ നാളെത്തെ ആവശ്യത്തെ തുടർന്നായിരുന്നു ഇത്. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട ഉത്തരവിലാണ് അവധി രണ്ടു ദിവസമാക്കാനുള്ള സുപ്രധാന തീരുമാനം കൈകൊണ്ടതായുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.അലി അല്‍ ഉബൈദിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റു ജി.സി.സി രാജ്യങ്ങളില്‍ നഴ്‌സിങ്‌മേഖലയില്‍ ആഴ്ചയില്‍ രണ്ടുദിവസത്തെ അവധി നടപ്പാക്കിയിട്ടുണ്ട്.

അസോസിയേഷന്റെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളം രാജ്യത്തെ ചില ആശുപത്രികളില്‍ പരീക്ഷണ വിധേയമായി പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 3 ഷിഫ്റ്റുകളിലായി ആഴ്ചയില്‍ 6 ദിവസമാണ് നഴ്‌സുമാര്‍ കുവൈത്തില്‍ ജോലി ചെയ്യുന്നത്. പുതിയ തീരുമാനം മെയ് ആദ്യ വാരം നിലവില്‍ വരുമെന്നാണ് സൂചന. മലയാളികളടക്കമുള്ള നിരവധി നഴ്‌സുമാര്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസം പകരും.

കുവൈത്തിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ മൂന്ന് ഷിഫ്റ്റുകളായിട്ടാണ് നഴ്‌സുമാരുടെ ജോലി ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയും രാത്രി 10 മുതല്‍ രാവിലെ ഏഴുമണിവരെയുമാണ് ഇത്.