സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് വി.എസ്, പാലൊളി മുഹമ്മദ് കുട്ടി, പി.കെ ഗുരുദാസന്‍ എന്നിവരെ ഒഴിവാക്കാന്‍ ധാരണ

single-img
16 April 2015

kareemവിശാഖപട്ടണം: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് വി.എസ് അച്യുതാന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി, പി.കെ ഗുരുദാസന്‍ എന്നിവരെ ഒഴിവാക്കാന്‍ ധാരണ. പകരം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, എ.കെ ബാലന്‍, എം.വി ഗോവിന്ദന്‍ എന്നിവരെ ഉള്‍പ്പെടുത്താനാണ് നീക്കം.

നിലവിലെ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നാണ് പുതിയ പാനലിന് അംഗീകാരം നല്‍കുക. പി.കെ ഗുരുദാസനെ ഒഴിവാക്കണമോ എന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കൂടി പരിശോധിച്ചേ അന്തിമ തീരുമാനമുണ്ടാകു. പുതിയ ജനറല്‍ സെക്രട്ടറിയെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ പാനലില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയതായാണ് സൂചന.

89 അംഗ കേന്ദ്ര കമ്മിറ്റിയില്‍ നിലവില്‍ സംസ്ഥാനത്ത് നിന്ന് 14 അംഗങ്ങളാണുള്ളത്. 15 അംഗ പോളിറ്റ് ബ്യൂറോയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍,എം.എ ബേബി എന്നിവരാണ് കേരള ഘടകത്തെ പ്രതിനിധീകരിക്കുന്നത്. 89 അംഗ കേന്ദ്ര കമ്മിറ്റിയില്‍ രണ്ട് ഒഴിവുകള്‍ നേരത്തെ തന്നെ ഉണ്ട്. നാല് പ്രത്യേക ക്ഷണിതാക്കളെയും രണ്ട് പെര്‍മനന്റ് ക്ഷണിതാക്കളെയുമാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നത്.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലും പിബി അംഗങ്ങളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല. 80 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ വി.എസിന് നല്‍കിയിരുന്ന പരിഗണന ഇത്തവണ നല്‍കില്ല. വി.എസിന് ഇപ്പോള്‍ 93 വയസാണുള്ളത്.

ക്ഷണിതാവായി വി.എസിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ടെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് നിര്‍ണായകമാകും.

കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ വോട്ടെടുപ്പ് വേണ്ടിവരുന്ന ഘട്ടങ്ങളില്‍ വോട്ട് ചെയ്യാന്‍പോലും അധികാരമില്ലാത്ത ‘അലങ്കാര’ പദവിയായ ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ വി.എസ് ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലൊളി മുഹമ്മദ് കുട്ടി ഒഴിയുന്ന സ്ഥാനത്ത് ന്യൂനപക്ഷ പ്രാതിനിത്യം കൂടി കണക്കിലെടുത്താണ് എളമരം കരീമിനെ പരിഗണിക്കുന്നത്. പട്ടിക ജാതി വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് എ.കെ ബാലനെ പരിഗണിക്കുന്നത്.

സിപിഎം ഔദ്യോഗിക പക്ഷത്തോടൊപ്പം എന്നും അടിയുറച്ച് നിന്നിട്ടുള്ള എം.വി ഗോവിന്ദന്‍ വിഭാഗീയതയുടെ കാലത്ത് പോലും അതിരുവിട്ട പ്രകോപനം സൃഷ്ടിക്കാത്ത നേതാവാണ്.