പുരാതന ശില്‍പം ‘പാരറ്റ് ലേഡി’യെ കാനഡ ഇന്ത്യക്ക് തിരിച്ച് നല്‍കി

single-img
16 April 2015

parrotഒട്ടാവ: പുരാതന ശില്‍പം ‘പാരറ്റ് ലേഡി’യെ കാനഡ ഇന്ത്യക്ക് തിരിച്ച് നല്‍കി. ഖജുരാവോ ഗുഹാക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടാണ് ശില്പം കാനഡയിലെത്തുന്നത്. കാനഡയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറാണ് ശില്‍പം തിരിച്ച് നല്‍കിയത്. 2011 ലാണ് ശില്‍പം കാനഡയില്‍ കണ്ടെത്തുന്നത്.

പുരാതന ഇന്ത്യന്‍ ശില്‍പമാണെന്ന് മനസിലാക്കിയ കാനഡ ഇന്ത്യയെ സമീപിച്ചു. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അതുവരെ അത്തരമൊരു ശില്‍പത്തേക്കുറിച്ച് അറിവില്ലായിരുന്നു. പിന്നീട് പുരാവസ്തു വകുപ്പില്‍ നിന്നുമുള്ള വിദഗ്ധര്‍ കാനഡ സന്ദര്‍ശിച്ച് ശില്‍പത്തിന്റെ ആധികാരികത ഉറപ്പ് വരുത്തിയത്. പിന്നീടുള്ള അന്വേഷണത്തില്‍ ഇത് ഖജുരാവോയില്‍ നിന്ന് നഷ്ടപ്പെട്ടതാണെന്നും മനസിലാക്കി.

പേരു സൂചിപ്പിക്കുന്നതു പോലെ തോളില്‍ ഇരിക്കുന്ന തത്തയുമായി സല്ലപിക്കുന്ന യുവതിയുടെ ചിത്രീകരണമാണ് പാരറ്റ് ലേഡി. മധ്യകാലഘട്ടത്തില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് പാരറ്റ് ലേഡിയുടെ ശില്‍പം. കാനഡയില്‍ കണ്ടെത്തിയ മണല്‍ക്കല്ലിലുള്ള പാരറ്റ് ലേഡിക്ക് 900 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

ഇതിഹാസങ്ങളിലും പുരാണ കഥകളിലും ശുകസാരിക എന്ന അറിയപ്പെടുന്ന പാരറ്റ് ലേഡിക്ക് മധ്യകാലഘട്ടത്തിലെ ഇന്ത്യന്‍ സാഹിത്യവുമായും ശില്‍പ കലയുമായും ഏറെ ബന്ധമുണ്ട്. മധ്യകാലഘട്ടത്തിലെ ഹിന്ദു, ബുദ്ധ, ജൈന ക്ഷേത്രങ്ങളില്‍ ഇത്തരം ശില്‍പങ്ങള്‍ വ്യാപകമായിരുന്നു.