അഞ്ചു വർഷത്തേക്ക് ഇന്ത്യയ്ക്ക് കാനഡ യുറേനിയം നൽകും

single-img
16 April 2015

canadaഒട്ടാവ:  ഇന്ത്യയ്ക്ക് ഈ വർഷം മുതൽ അടുത്ത അഞ്ചു വർഷത്തേക്ക് കാനഡ 2100 കോടിയുടെ യുറേനിയം നൽകും.  ഇതടക്കം നിരവധി കരാറുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറും ഒപ്പുവച്ചു. ഊർജ പ്രതിസന്ധി മറികടക്കുന്നതിന് അഞ്ചു വർഷംകൊണ്ട് 3000 മെട്രിക് ടൺ യുറേനിയമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുക. ഇന്ത്യയ്ക്ക് യുറേനിയം നൽകുന്ന മൂന്നാമത്തെ രാജ്യമാണ് കാനഡ. ഇതിന് മുമ്പ് റഷ്യയും കസാഖിസ്ഥാനുമാണ് യുറേനിയം നൽകിയത്. 42 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കാനഡ സന്ദർശിക്കുന്നത്.

കാനഡയിലെ പൗരന്മാർക്ക് പത്ത് വർഷം കാലാവധിയുള്ള വിസയും, വിസ ഓൺ അറൈവൽ സംവിധാനവും ഇന്ത്യ ഏപ്പെടുത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിൽ ഈ വർഷം അവസാനത്തോടെ തീരുമാനമാകും. വിദ്യാഭ്യാസം, ബഹിരാകാശം, ശിശു ആരോഗ്യ പരിപാലനം എന്നീ രംഗങ്ങളിലും ഇരു രാജ്യങ്ങളും സഹകരിക്കും. വ്യോമയാനം, റെയിൽവേ തുടങ്ങിയ മേഖലകളിൽ കാനഡ നിക്ഷേപം നടത്തും.

ഗർഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അഞ്ച് സംരംഭങ്ങളിൽ 15 കോടിയിലേറെ രൂപ കാന‌ഡ നിക്ഷേപിക്കും. ഇന്ത്യയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന കാനഡയിലെ പൗരന്മാർക്ക് ഇവിടെ പെൻഷൻ പദ്ധതി ഏർപ്പെടുത്തും. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് 13 കരാറുകളും ഇരു രാജ്യങ്ങളും ഒപ്പിട്ടു.

സാമ്പത്തിക സഹകരണത്തിന് പുതിയൊരു ചട്ടക്കൂട് രൂപപ്പെടുത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും ഇക്കാര്യത്തിൽ കാനഡ സ്വീകരിക്കുന്ന നിലപാടുകൾ പ്രശംസനീയമാണെന്നും മോദി ചൂണ്ടിക്കാട്ടി. കാനഡയിൽ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ പുതിയൊരു യുഗം പിറന്നിരിക്കുകയാണെന്ന് ഹാർപർ പറഞ്ഞു.