രാഹുല്‍ഗാന്ധിയുടെ നേതൃഗുണത്തെ ചോദ്യംചെയ്ത് ഷീലാ ദീക്ഷിത് രംഗത്ത്

single-img
14 April 2015

download (4)രാഹുലിന്റെ നേതൃത്വമികവിനെ കുറിച്ച് സംശയങ്ങൾ ഉണ്ടെന്ന് ഷീല ദീക്ഷിത്. വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷീല ദീക്ഷിത് ഇങ്ങനെ പറഞ്ഞത് . പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തുടരണമെന്നും അവർ പറഞ്ഞു.

ഉത്തരവാദിത്വങ്ങളില്‍നിന്നും വെല്ലുവിളികളില്‍നിന്നും സോണിയ ഒളിച്ചോടരുത്. പ്രതിയോഗികളുടെ വെല്ലുവിളി നേരിടാന്‍ കഴിവുള്ള നേതാവ് സോണിയതന്നെ. രാഹുലിന്റെ നേതൃഗുണം സംബന്ധിച്ച ചോദ്യങ്ങള്‍ അവശേഷിക്കുകയാണെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സോണിയയുടെ നേതൃത്വത്തെ കുറിച്ച് ആരുംതന്നെ വിമർശനം ഉന്നയിച്ചിട്ടില്ല. പൂർണ വിശ്വാസത്തോടെ തനിക്കത് പറയാനാവും. എന്നാൽ രാഹുലിന്റെ കാര്യം അങ്ങനെയല്ലെന്നും അവർ കൂട്ടിച്ചേർത്തു. ആരും വിചാരിക്കാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യാൻ സോണിയയ്ക്ക് കഴിയും. രണ്ടു തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചിട്ടും സോണിയ പ്രധാനമന്ത്രി പദം സ്വീകരിച്ചില്ല എന്നും ഷീല ദീക്ഷിത് പറഞ്ഞു.

55 ദിവസത്തെ അവധിക്കുശേഷം രാഹുല്‍ഗാന്ധി ബുധനാഴ്ച മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യാന്‍ ഇടയില്ലെന്ന് ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.