നെറ്റ് ന്യൂട്രാലിറ്റി; വരുന്നത് കോര്‍പ്പറേറ്റുകളുടെ ഇന്ത്യ: ശ്വസിക്കുന്ന പ്രാണവായുവിനുവരെ സാധാരണക്കാര്‍ മാസാമാസം വാടക നല്‍കേണ്ട കാലം

single-img
14 April 2015

SaveTheInternet-NetNeutrality-India

മാസാമാസം ചെറുതല്ലാത്ത തുകമുടക്കിയെടുക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകാതെ മൊബൈലില്‍ തന്നെ വച്ചിരിക്കുന്ന ഒരവസ്ഥ ആലോചിച്ചു നോക്കു. ഇതെന്ത് ന്യായം, ഭീകരം എന്നിങ്ങനയൊക്കെ ചോദിക്കാന്‍ വരട്ടെ. വമ്പന്‍ കുത്തകകള്‍ അടക്കി ഭരിക്കുന്ന മൊബൈല്‍ കമ്പനികളുടെ ഇപ്പോഴത്തെ നീക്കം യഥാര്‍ത്ഥ്യമായാല്‍ ഇന്റര്‍നെറ്റ് നമ്മുടെ ഫോണിനുള്ളില്‍ തന്നെ വിശ്രമിക്കും. നമ്മള്‍ കാശ് മുടക്കി ഇന്റര്‍നെറ്റ് എടുത്ത ഫോണില്‍ വാട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുവാന്‍ വീണ്ടും അധികപണം ടെലികോം കമ്പനികള്‍ക്ക് നല്‍കുന്ന ഒരവസ്ഥാ വിശേഷമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.

ഇന്റര്‍നെറ്റിന്റെ സാധാരണ ഉപയോഗത്തിന് പുറമെ വാട്ട്‌സ്ആപ്പ് , സ്‌കൈപ്പ്, യൂട്യൂബ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകള്‍ ഏര്‍പ്പെടുത്തുവാനാണ് എയര്‍ടെല്‍ റിലയന്‍സ് തുടങ്ങിയ വന്‍കിട ടെലികോം കമ്പനികള്‍ നീക്കം നടത്തുന്നത്. സാധാരണ ജനങ്ങളുടെ അവകാശത്തിന്റെ മുകളിലുള്ള കടന്നുകയറ്റമായ ഇത്തരം നീക്കത്തിനെതിരെ ‘ഇന്ത്യാ വാന്‍ഡ്‌സ് നെറ്റ് ന്യൂട്രാലിറ്റി’ (#Internet Neturaltiy In India) എന്ന ഫേസ്ബുക്ക് ഹാഷ് ടാഗ് തരംഗമാകുകയാണ്.

ഒരുകാലത്ത് അമേരിക്കയില്‍ ശ്രമിച്ച് പരാജയമടഞ്ഞ ഈ നീക്കത്തെ ഇന്ത്യയിലെ വന്‍കിട കമ്പനികളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ പാവങ്ങളുടെ മുകളില്‍ വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിനെതിരെ ജനവികാരം ഉയരേണ്ടത് അത്യാവശ്യമാണ്. അമേരിക്കയില്‍ ഉയര്‍ന്ന ശക്തിയായ ബഹുജന പ്രക്ഷോഭത്തിനൊടുവിലാണ് യു.എസ് സര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിച്ചുവെന്നുള്ളത് ഈ സമയത്ത് ഓര്‍ക്കേണ്ട കാര്യമാണ്.

ഇന്നത്തെ ജീവിതത്തിന്റെ ഭാഗങ്ങളായ വാട്‌സ്ആപ്പ്, വൈബര്‍, ഫേസ്ബുക്ക് തുടങ്ങിയവ ഉപയോഗിക്കണമെങ്കില്‍ നമ്മള്‍ ഏത് നെറ്റ്‌വര്‍ക്കാണോ ഉപയോഗിക്കുന്നത് അവര്‍ പറയുന്ന തുക നല്‍കേണ്ടി വരും. ഇത് ഫോണില്‍ നല്ലൊരു തുക മുടക്കി ഇന്റര്‍നെറ്റ് എടുക്കുന്നതിനു പുറമേയാണ്. അതായത് വീട്ടില്‍ തുക നല്‍കി വൈദ്യുതി എടുത്താലും അതുപയോഗിച്ച് ഫാനോ ടി.വിയോ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ വൈദ്യുതി ബോര്‍ഡ് പറയുന്ന കാശ് നല്‍കണമെന്നുള്ളതു പോലെ. ടെലിവിഷന്‍ ചാനല്‍ ദാതാക്കളായ സണ്‍ ടി.വിയും, റിലയന്‍സുമൊക്കെ ചില ചാനലുകള്‍ കാണിക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കുന്നതുപോലെ തന്നെ ഇന്റര്‍നെറ്റും ഈ നീക്കത്തിലൂടെ നമുക്ക് അന്യമാകാന്‍ പോകുകയാണെന്നുള്ളതാണ് സത്യം.

ഈ നീക്കംവഴി ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശ്രമിക്കുന്നുവെന്നുള്ളതാണ് സത്യം. മാത്രമല്ല ഉപഭോക്താക്കള്‍ ഏതൊക്കെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും സന്ദര്‍ശിക്കേണ്ടെന്നും തീരുമാനിക്കാന്‍ സേവനദാതാക്കള്‍ക്ക് അവകാശമുണ്ടായിരിക്കും. ഇതുവഴി പൗരന്റെ അവകാശവും സ്വാതന്ത്ര്യവും ഒരേപോലെ ഹനിച്ചുകൊണ്ട് കോര്‍പ്പറേറ്റുകള്‍ രാജ്യം കീഴടക്കും. ശരിയായ സമയത്ത് ജനവികാരം ഇക്കാര്യത്തില്‍ ഉണര്‍ന്നില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് അസ്വാതന്ത്ര്യത്തിന്റെ ഉരുക്കുകോട്ടയായിരിക്കും.

പക്ഷേ തീരുമാനം എടുക്കുന്നതിനു മുമ്പ് പൊതുജനാഭിപ്രായമറിയാനുള്ള ഒരു നീക്കം ട്രായുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. ടായി കണ്‍സല്‍ട്ടേഷന്‍ വെബ്‌സൈറ്റിലെ 113 മുതല്‍ 116 വരെയുള്ള പേജുകളിലുള്ള ചോദ്യങ്ങള്‍ക്കുത്തരം [email protected] എന്ന മെയിലിലേക്ക് ഏപ്രില്‍ 24 ന് മുമ്പ് അയച്ചുകൊടുക്കുവാനാണ് നിര്‍ദ്ദേശം.  (ഇവിടെ ക്ലിക്ക് ചെയ്യുക)

ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കായി തയാറാക്കിയിരിക്കുന്ന ഈ പെറ്റീഷന്‍ ഒപ്പിടുകയും ആ ലിങ്ക് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കായി തയാറാക്കിയിരിക്കുന്ന ഈ പെറ്റീഷന്‍ ഒപ്പിടുകയും #IndiaWantsNetNeturaltiy എന്ന ഹാഷ്ടാഗോടെ ഈ ലിങ്ക് നിങ്ങളുടെ ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ ഷെയര്‍ ചെയ്യുക. അവകാശധ്വംസനം ജനവികാരത്തിലൂടെ പിഴുതെറിയാന്‍ നമ്മള്‍ ഒരേ ചിന്തയോടെ മുന്നോട്ടിറങ്ങിയേ മതിയാകു.

 എഐബി സേവ് ദ ഇന്റര്‍നെറ്റ് ക്യാംപെയിനിന് വേണ്ടി തയ്യാറാക്കിയ വീഡിയോ കാണാം