സ്‌കൂള്‍ മാനേജറെയും പ്യൂണിനെയും അക്രമിച്ചുവെന്ന പേരില്‍ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ട അധ്യാപകന്‍ അനീഷ് ആത്മഹത്യ ചെയ്ത സംഭവം; പ്യുണിന്റെ തലയില്‍ ആഴത്തില്‍ മുറിവേറ്റെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ കോയാസ് ഹോസ്പിറ്റല്‍ എം.ഡി ഡോ. എം. എ കോയയെ പോലീസ് അറസ്റ്റുചെയ്തു

single-img
14 April 2015

1428995952_arrested4_2സ്‌കൂള്‍ മാനേജറെയും പ്യൂണിനെയും അക്രമിച്ചുവെന്ന പേരില്‍ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ട മലപ്പുറം മുന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ അനീഷ് ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫറൂഖിലെ കോയാസ് ഹോസ്പിറ്റല്‍ എം.ഡി ഡോ. എം. എ കോയയെ പോലീസ് അറസ്റ്റുചെയ്തു.

സ്‌കൂള്‍ മാനേജറെയും പ്യൂണിനെയും അക്രമിച്ചുവെന്ന പരാതിയായിരുന്നു അനീഷിനെതിരെയുണ്ടായിരുന്നത്. അക്രമണത്തിനിടെ പ്യൂണിന്റെ തലയ്ക്ക് 3 സെന്റീമീറ്റര്‍ നീളത്തില്‍ 2 സെന്റീമീറ്റര്‍ വീതിയില്‍ ഒരു സെന്റീമീറ്റര്‍ ആഴത്തില്‍ പരിക്കേറ്റതായി ഡോ. കോയ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. അക്രമിച്ച വ്യക്തിയുടെ പേരടക്കമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഡോ. കോയ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അന്വേഷണസംഘത്തിന് ഈ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നുകയും അവരുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പ്യൂണിന്റെ തല സിടിസ്‌കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ പ്യൂണിന്റെ തലയില്‍ ചെറിയൊരു പോറല്‍പോലും ഏറ്റിട്ടില്ലെന്നാണ് തെളിയുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍ കോയയേയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഈ വ്യാജസര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അനീഷിനെ വിവിധകുറ്റങ്ങള്‍ ആരോപിച്ച് മാനേജ്‌മെന്റ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അനീഷ് മലമ്പുഴയിലെ ലോഡ്ജില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.