മതേതരത്വം അട്ടിമറിക്കാന്‍ ബിജെപി-ആര്‍എസ്എസ് സഖ്യം ശ്രമിക്കുന്നു-പ്രകാശ് കാരാട്ട്

single-img
14 April 2015

cpmവിശാഖപട്ടണം:മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് കാരാട്ട്. മതേതരത്വം അട്ടിമറിക്കാന്‍ ബിജെപി-ആര്‍എസ്എസ് സഖ്യം ശ്രമിക്കുന്നു. വര്‍ഗീയതക്കെതിരെ മതേതരഐക്യം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. എല്ലാ അനുകൂല സംഘടനകളെയും ഇടത് പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തി ഇടതുപക്ഷ വിപുലീകരണത്തിന് നേതൃത്വം നല്‍കുമെന്നും സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട്. വിശാഖപട്ടണത്ത് നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുവര്‍ഷത്തെ ഭരണം കൊണ്ട് കുത്തകകള്‍ക്കുമാത്രമാണ് മെച്ചമുണ്ടായത്. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ ഉയര്‍ത്തിക്കാണിക്കാനാണ് ശ്രമമെന്നും  ആവാസമേഖലകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആദിവാസികളുടെ ശാക്തീകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമരാഷ്ട്രീയത്തെ ചെറുക്കും.ക്യൂബ യു.എസ് ബന്ധത്തിലുണ്ടായത് ഒരു വഴിത്തിരിവാണ്. ക്യൂബയ്ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നു.

എന്നാല്‍ ക്യൂബയ്‌ക്കെതിരായ അനധികൃതവിലക്കുകള്‍ പിന്‍വലിക്കണമെന്നും പ്രകാശ്കാരാട്ട് പറഞ്ഞു. വിശാഖപട്ടണത്തെ പോര്‍ട്ട് സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് മുന്‍ പി.ബി. അംഗം മുഹമ്മദ് ഹമീന്‍ രക്തപതാക ഉയര്‍ത്തി. 749 പ്രതിനിധികളും 72 നിരീക്ഷകരും ഏഴ് പ്രത്യേക ക്ഷണിതാക്കളുമാണ് പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

എസ്. രാമചന്ദ്രന്‍ പിള്ളയാണ് പ്രസീഡിയം ചെയര്‍മാന്‍. കേരളത്തില്‍ നിന്നുള്ള മുന്‍ മന്ത്രി എ.കെ. ബാലന്‍ പ്രസീഡിയത്തിലുണ്ട്. വൃന്ദാ കാരാട്ടാണ് പ്രമേയക്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക് പ്രമേയക്കമ്മിറ്റി അംഗമാണ്.175 അംഗങ്ങളാണ് കേരളത്തില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ 22 പേര്‍ എം.എല്‍.എമാരാണ്.

ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. മതേതര പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നത് പാര്‍ട്ടിയുടെ സ്വതന്ത്ര വളര്‍ച്ചയ്ക്ക് അനുകൂലമല്ല. പാര്‍ട്ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ശക്തരായ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം ദോഷമാകും. പാര്‍ട്ടിക്ക് വളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ ഇവരുമായി സഖ്യമാകാമെന്നും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ കരടില്‍ പറയുന്നു.