പ്രധാനമന്ത്രിയുമായി ജര്‍മനിയിലുള്ള നേതാജിയുടെ ബന്ധുക്കൾ കൂടിക്കാഴ്ച നടത്തി

single-img
14 April 2015

boseഹാനോവര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജര്‍മനിയിലുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കൾ കൂടിക്കാഴ്ച നടത്തി. നേതാജിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിമാനപകടത്തിലാണ് നേതാജി മരിച്ചതെന്ന വാദം അംഗീകരിക്കാൻ കഴിയാത്ത കെട്ടുകഥയാണെന്ന് നേതാജിയുടെ അനന്തരവന്റെ മകന്‍ സൂര്യകുമാര്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു.

മോദി എല്ലാവരെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യയില്‍ വെച്ച് വിശദമായ ചര്‍ച്ച നടത്താമെന്ന് അദ്ദേഹം പറഞ്ഞു. നേതാജിയുടെ ബന്ധുക്കളെ വളരെക്കാലം രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടിനെ കുറിച്ചും ബന്ധുക്കള്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. അക്കാര്യത്തിലും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

നെഹ്റു സര്‍ക്കാറിനുവേണ്ടി രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ച നേതാജിയുടെ അനന്തിരവന്‍ അമിയ നാഥ് ബോസിന്റെ മകനാണ് 1972 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്ന സൂര്യ. സാങ്കേതിക വിദഗ്ധനായ ഇദ്ദേഹം ജര്‍മനിയില്‍ ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. താന്‍ പ്രഭാഷണം നടത്തുന്നിടത്തെല്ലാം സദസ്സില്‍ ‘റോ’യിലെ ഒരുദ്യോഗസ്ഥന്‍ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. 1978ല്‍ ജനതാസര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയതോടെ നിരീക്ഷണം നിന്നു.

1973-’78 കാലത്താണ് പശ്ചിമജര്‍മനിയിലെമ്പാടും സൂര്യ പ്രഭാഷണം നടത്തിയിരുന്നത്. നാസികളെ നേതാജി പിന്തുണച്ചിരുന്നില്ല എന്ന് ജര്‍മന്‍കാരെ ബോധ്യപ്പെടുത്തുന്നതിനുള്ളതായിരുന്നു പ്രഭാഷണങ്ങളെല്ലാം.