കേവലമൊരു ഭാഷ കാരണം ഇന്ത്യന്‍ മതേതരത്വം തകരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

single-img
14 April 2015

1280px-Narendramodiബെര്‍ലിന്‍: കേവലമൊരു ഭാഷ കാരണം ഇന്ത്യന്‍ മതേതരത്വം തകരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ ബെര്‍ലിനില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മ്മന്‍ ഭാഷയ്ക്ക് പകരം സംസ്‌കൃതം കേന്ദ്രീയവിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് മോഡിയുടെ പ്രതികരണം.

ഇന്ത്യന്‍ മതേതരത്വം ബലഹീനമായ ഒന്നല്ല. കേവലമൊരു ഭാഷ കാരണം അത് തകര്‍ക്കപ്പെടില്ല, എല്ലാവര്‍ക്കും അക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ടാകണം. ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ഒന്നിനും സാധിക്കില്ലെന്നും മോഡി പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജര്‍മ്മന്‍ റേഡിയോ സംസ്‌കൃത ഭാഷയില്‍ വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ പോലും സംസ്‌കൃത ഭാഷയില്‍ വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നില്ല. മതേതരത്വം അപകടത്തിലാകുമെന്ന ധാരണയായിരിക്കാം അതിനുകാരണമെന്ന് മോഡി പറഞ്ഞു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മ്മന് പകരം സംസ്‌കൃതം മൂന്നാം ഭാഷയായി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നേരത്തെ ജര്‍മ്മനി ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ജര്‍മ്മന്‍ ചാന്‍സര്‍ ആംഗെല മെര്‍ക്കലുമായി മോഡി നേരത്തെ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

മുന്‍നിര ഇന്ത്യന്‍ വ്യവസായി സഞ്ജയ് കിര്‍ലോസ്‌കര്‍ കഴിഞ്ഞ ദിവസം ബെര്‍ലിനില്‍ മോഡി പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ മതേതരത്വം ഭീഷണി നേരിടുന്നില്ലെന്ന് വ്യക്തമാക്കിയാല്‍ മാത്രമേ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഖലകളിലെ വന്‍കിട നിക്ഷേപകര്‍ ഇന്ത്യയില്‍ വരുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.