മാണിക്കൊപ്പം വേദി പങ്കിടില്ല; ഇത് ഡി.വൈ.എഫ്.ഐക്ക് നടന്‍ സുരേഷ്‌ഗോപിയുടെ ഉറപ്പ്

single-img
13 April 2015

finance-minister-km-mani.jpg.image.784.410

ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കരുതെന്ന് നടന്‍ സുരേഷ്‌ഗോപിയോടുള്ള ഡിവൈഎഫ്‌ഐയുടെ അഭ്യര്‍ത്ഥനയ്ക്ക് അദ്ദേഹത്തില്‍ നിന്നും അനുകൂല മറുപടി. ഏപ്രില്‍ 16ന് പാലായില്‍ വെച്ചുള്ള പരിപാടിയില്‍ മന്ത്രി കെ.എം മാണിയോടൊപ്പം വേദി പങ്കിടില്ലെന്ന ഉറപ്പു ലഭിച്ചതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്വരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാണിയോടൊപ്പം സുരേഷ് ഗോപി വേദി പങ്കിടാന്‍ ശ്രമിക്കരുതെന്ന് അഴിമതിവിരുദ്ധ യുവജനമാര്‍ച്ചിന്റെ പാലായിലെ സമാപനയോഗത്തില്‍ സ്വരാജ് മുന്നറിയിപ്പു നല്‍കിയതായുള്ള വാര്‍ത്തകളെ അദ്ദേഹം തള്ളി. ഡി.വൈ.എഫ്.ഐ. യും സുരേഷ് ഗോപിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഈ വിഷയത്തിലില്ലെന്നും മാണിയെപ്പോലെ ഒരു അഴിമതി വീരനോടൊപ്പം സുരേഷ് ഗോപിയെപ്പോലെ ആദരണീയനായ ഒരു നടന്‍ വേദി പങ്കിടുന്നത് അഴിമതിയ്ക്കുള്ള പിന്‍തുണയായി വ്യാഖ്യാനിക്കപ്പെടുമെന്നുമാണ് താന്‍ യോഗത്തില്‍ പറഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മാണിയോടൊപ്പമുള്ള പാലായിലെ പൊതുപരിപാടിയില്‍ നിന്ന് പിന്‍മാറണമെന്ന് ഡിവൈഎഫ്‌ഐ സുരേഷ്‌ഗോപിയോട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. അതിനു മറുപടിയായി ബജറ്റ് ദിനത്തില്‍ സഭയിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സുരേഷ്‌ഗോപി അറിയിച്ചിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു. ഡിവൈഎഫ്‌ഐ സുരേഷ് ഗോപിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകളുണ്ടാക്കി പ്രചരിക്കുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും സ്വരാജ് പറഞ്ഞു.