സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണകൊറിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഇന്ത്യ വെങ്കലം സ്വന്തമാക്കി

single-img
13 April 2015

Sreejeshsaveസുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ദക്ഷിണകൊറിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി (4-1) ഇന്ത്യ വെങ്കലംനേടി. ഇന്ത്യ നാല് കിക്കുകളും വലയിലെത്തിച്ചപ്പോള്‍ എതിരാളികളുടെ രണ്ട് ശ്രമങ്ങള്‍ തടഞ്ഞാണ് ശ്രീജേഷ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

നിശ്ചിതസമയത്ത് ഇരുടീമുകളും 2-2ന് സമനിലപാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മുമ്പ് ലീഗ് റൗണ്ടില്‍ ഇരുടീമുകളും മത്സരിച്ചപ്പോള്‍ സമനിലയായിരുന്നു ഫലം. ആദ്യം ഇന്ത്യക്കായി നികിന്‍ തിമ്മയ്യ (10), സത്ബീര്‍ സിങ് (22) എന്നിവര്‍ ഫീല്‍ഡ് ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍നിന്നം കൊറിയയുടെ ഗോളുകള്‍ യു ഹയോസിക് (20), നാം ഹൂന്‍വു (29) എന്നിവര്‍ നേടിയതോടെ മത്സരം സമനിലയില്‍ കലാശിക്കാനിടയാക്കിയത്.

ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ആകാശ്ദീപ് സിങ്, നായകന്‍ സര്‍ദാര്‍ സിങ്, രൂപീന്ദര്‍പാല്‍ സിങ്, ബീരേന്ദ്ര ലാക്ര എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കൊറിയയുടെ മൂന്ന് ഷോട്ടുകളില്‍ ഒന്ന് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. കിം കിഹൂന്‍, കിം യുഹാന്‍ എന്നിവരുടെ ഗോള്‍ ശ്രമം ശ്രീജേഷ് പരാജയപ്പെടുത്തുകയായിരുന്നു. മാത്രമല്ല
മത്സരസമയത്തും കൊറിയയുടെ നിരവധി അവസരങ്ങള്‍ ടീമിന്റെ ഉപനായകന്‍ കൂടിയായ ശ്രീജേഷ് തടഞ്ഞിട്ടിരുന്നു.