ദീര്‍ഘകാലം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയേയും പുരുഷനേയും വിവാഹിതരായി പരിഗണിക്കാം- സുപ്രീംകോടതി

single-img
13 April 2015

supreme courtന്യൂഡല്‍ഹി: ദീര്‍ഘകാലം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയേയും പുരുഷനേയും വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. നിയമപരമായി വിവാഹം കഴിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്ത്രീക്ക് ലഭിക്കുമെന്നും കോടതി ഉത്തരവിട്ടു. നിയമം വേശ്യാവൃത്തിക്ക് എതിരാണെന്നും കോടതി അഭിപ്രായപ്പെട്ടു.

വിവാഹം കഴിക്കാതെ 20 വര്‍ഷക്കാലമായി തങ്ങളുടെ മുത്തച്ഛന്റെയൊപ്പം കഴിയുന്ന സ്ത്രീക്ക് മുത്തച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ അവകാശമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അവര്‍ മുത്തച്ഛന്റെ വെപ്പാട്ടിയാണെന്ന പരാമര്‍ശവും കുടുംബാംഗങ്ങളുടെ ഹര്‍ജിയിലുണ്ടായിരുന്നു.

മുത്തച്ഛനും സ്ത്രീയും ദീര്‍ഘകാലമായി ഒരുമിച്ച് താമസിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇവരെ വിവാഹിതരായി പരിഗണിക്കാമെന്നും ഒരുമിച്ച് താമസിച്ചിട്ടില്ലെന്നതിന് വിശ്വാസയോഗ്യമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദമ്പതിമാര്‍ വിവാഹിതരല്ലെന്ന് സ്ഥാപിക്കാനാകൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു.

വിവാഹം കഴിക്കാതെ ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്ന സ്ത്രീക്കും പുരുഷനും കുട്ടികള്‍ ജനിച്ചാല്‍, മാതാപിതാക്കളെ വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉത്തരവിട്ടിരുന്നു. നിയമപ്രകാരം വിവാഹിതരാകാത്തവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് എല്ലാ നിയമപരിരക്ഷയും ഉണ്ടായിരിക്കും. ഇത്തരം കുട്ടികളെ അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടികളായി കാണാനാവില്ലെന്നും അന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.