റാവുത്തിനെതിരെ മോദി സര്‍ക്കാര്‍ കേസെടുക്കണമെന്ന് ദിഗ്‌വിജയ് സിങ്

single-img
13 April 2015

digvijayന്യൂഡല്‍ഹി: ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെതിരെ മോദി സര്‍ക്കാര്‍ കേസെടുക്കണമെന്നും ട്വിറ്ററിലൂടെ ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന റാവുത്തിന്റെ പ്രസ്താവന പ്രകോപനപരവും ഭരണഘടയ്ക്ക് നിരക്കാത്തതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്നു ശിവസേന മുഖപത്രമായ ‘സാമ്‌നയില്‍ കഴിഞ്ഞ ദിവസമാണ് ലേഖനം പുറത്തുവന്നത്.

സാമ്‌ന എക്‌സിക്യൂട്ടീവ് എഡിറ്ററും രാജ്യസഭാംഗവുമാണ് ലേഖനം എഴുതിയ സഞ്ജയ് റാവുത്ത്. മുസ്‌ലിം സമുദായം നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും പേരു പറഞ്ഞുള്ള വോട്ട്ബാങ്ക് രാഷ്ട്രീയമാണ് അരങ്ങേറുന്നത്. ഒരുകാലത്തു കോണ്‍ഗ്രസാണ് ഇത്തരം വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ചിരുന്നത്.

ഇപ്പോള്‍ മറ്റുപലരും മതനിരപേക്ഷതയുടെ പേരു പറഞ്ഞു മുസ്‌ലിം സമുദായത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെയാണെങ്കില്‍ അവര്‍ക്ക് ഒരിക്കലും പുരോഗതിയുണ്ടാകില്ല. അതുകൊണ്ടാണു മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുമാറ്റണമെന്നു ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെ 15 വര്‍ഷം മുന്‍പ് ആവശ്യപ്പെട്ടതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

വിവിധ രാഷ്ട്രീയ, സമുദായ നേതാക്കള്‍ ലേഖനത്തിനെതിരെ രംഗത്തെത്തിയതോടെ ശിവസേന നിലപാട് മയപ്പെടുത്തി. മതനിരപേക്ഷ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയ നേതാക്കള്‍ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു പറയാനാണു ലേഖനത്തില്‍ ശ്രമിച്ചതെന്നു ശിവസേനാ വക്താവ് അറിയിച്ചു