ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം; ഐപിഎല്ലിൽ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോറ്റ ടീമായി ഡല്‍ഹി

single-img
13 April 2015

delhiഡല്‍ഹി: ഐപിഎല്ലിൽ ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം ജയം. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോറ്റ ടീമായി ഡല്‍ഹി. അവസാനപന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന റോയല്‍സിനെ ടിം സൗത്തി നേടിയ ബൗണ്ടറിയാണ് വിജയത്തിൽ എത്തിച്ചത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് ഡല്‍ഹി പടുത്തുയര്‍ത്തി. എന്നാൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് രാജസ്ഥാന്‍ അടിച്ചെടുക്കുകയായിരുന്നു.

ഓപ്പണര്‍ അജിന്‍ക്യ രഹാനെ 39 പന്തില്‍ 47 റണ്‍സെടുത്തുവെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും അതേമികവ് പുറത്തുകാട്ടാനായില്ല. കരുണ്‍ നായര്‍ (20), സ്റ്റീവന്‍ സ്മിത്ത് (10), സഞ്ജു സാംസണ്‍ (11), സ്റ്റുവര്‍ട്ട് ബിന്നി (1) എന്നിവര്‍ പരാജയപ്പെട്ടു. എന്നാല്‍, കഴിഞ്ഞ മത്സരത്തിലെ ഹീറോ ദീപക് ഹൂഡ 25 പന്തില്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സറുമുള്‍പ്പെടെ 54 റണ്‍സെടുത്ത് രാജസ്ഥാനെ വിജയതീരത്തേക്ക് നയിച്ചത്. 19-ാം ഓവറിലെ ആദ്യപന്തില്‍ ഹൂഡ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 166 റണ്‍സിലെത്തിയിരുന്നു.

എയ്ഞ്ചലോ മാത്യൂസ് എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. നാലാം പന്ത് ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ട് ക്രിസ് മോറിസ് ലക്ഷ്യം അടുത്താക്കി. അവസാന പന്തില്‍ മൂന്നുറണ്‍സായിരുന്നു ലക്ഷ്യം. ബൗണ്ടറി തടുക്കാന്‍ ക്ലോസ് ഫീല്‍ഡ് സെറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ ഡുമിനിക്ക് പിഴച്ചു. ന്യൂസീലന്‍ഡ് താരം സൗത്തിയുടെ ഷോട്ട് കൃത്യമായ വിടവിലൂടെ ബൗണ്ടറിയിലേക്ക് പറന്നു. ഹൂഡയാണ് കളിയിലെ കേമന്‍.

ഡൽഹിക്ക് വേണ്ടി ശ്രേയസ് അയ്യര്‍ (30 പന്തില്‍ 40), ക്യാപ്റ്റന്‍ ഡുമിനി (38 പന്തില്‍ 44), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 37), യുവരാജ് സിങ് (17 പന്തില്‍ 27), എയ്ഞ്ചലോ മാത്യൂസ് (14 പന്തില്‍ 27 നോട്ടൗട്ട്) എന്നിവ സ്കോർ ചെയ്തു. കഴിഞ്ഞ സീസണ്‍ മുതല്‍ തുടങ്ങിയ തോല്‍വിശാപം ഡല്‍ഹിയെ വിടാതെ പിന്തുടരുകയാണ്. തുടര്‍ച്ചയായ 11-ാം തോല്‍വിയാണ് ഡല്‍ഹി നേരിട്ടത്. 10 തോല്‍വികളെന്ന പുണെ വാരിയേഴ്‌സിന്റെ നാണക്കേട് ഇതോടെ ഡല്‍ഹിയുടെ പേരിലായി.