ശ്രീജേഷിന്റെ മികവില്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വെങ്കലം

single-img
13 April 2015

india-hockeyഇപ്പോ (മലേഷ്യ): മലയാളി താരം ശ്രീജേഷിന്റെ മികവില്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വെങ്കലം. മൂന്നാംസ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ ദക്ഷിണകൊറിയയെ പെനാറ്റില്‍ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ഇന്ത്യ വെങ്കലം കരസ്ഥമാക്കിയത്(4-1). നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്‌കോറിന് തുല്യത പാലിച്ചതോടെയാണ് കളി പെനാല്‍റ്റിയിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കുവേണ്ടി ആകാശ്ദീപ് സിങ്, സര്‍ദാര്‍ സിങ്, റൂപീന്ദര്‍പാല്‍ സിങ്, ബീരേന്ദര്‍ ലക്ര എന്നിവര്‍ ലക്ഷ്യം കണ്ടു.

എന്നാൽ കൊറിയയുടെ മൂന്നു ഷോട്ടുകള്‍ തടുത്തിട്ടാണ് ശ്രീജേഷ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.  തിമ്മയ്യ, സത്ബീര്‍ സിങ് എന്നിവരാണ് കളിസമയത്ത് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ശക്തരായ കൊറിയയെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ സമനിലയില്‍ തളച്ചിരുന്നു. നേരത്തെ അഞ്ചു കളിയില്‍ ഒരു സമനിലയടക്കം ഏഴു പോയിന്റാണ് ഇന്ത്യ നേടിയത്.

ആതിഥേയരായ മലേഷ്യയോട് ഏറ്റ തോല്‍വിയാണ് ഫൈനലില്‍ എത്താതെ ഇന്ത്യ പിന്തള്ളപ്പെടാന്‍ കാരണമായത്. അതേസമയം, അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ 4-2 എന്ന സ്‌കോറിന് ഞെട്ടിച്ച് മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന യോഗ്യത നേടുകയായിരുന്നു.