രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് നാദാപുരം ഗ്രാമപഞ്ചായത്ത്

single-img
11 April 2015

Nadapuramവികസന -സേവന രംഗങ്ങളിലെ മികച്ച നേട്ടങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം നാദാപുരം ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. 24നു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്നു പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അവാര്‍ഡ് ഏറ്റുവാങ്ങും.

കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്. സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച ഗ്രാമപഞ്ചായത്തായി 2013-14ലും മികച്ച ഗ്രാമ പഞ്ചായത്തായി 2014-15ലും തിരഞ്ഞെടുക്കപ്പെട്ടിരുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് അതിനെയെല്ലാം മറികടക്കുന്ന ശപാന്‍തിളക്കമാണ് രാജ്യത്തെ മികച്ച പഞ്ചായത്തെന്ന ബഹുമതിയിലൂടെ നേടിയിരിക്കുന്നത്.

22 വാര്‍ഡുകളിലും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം, വാര്‍ഡുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനു ഫലപ്രദമായ പ്രത്യേക സംവിധാനം, സമയബന്ധിതമായ ഓഫിസ് സേവനങ്ങള്‍ എന്നിവയാണ് നാദാപുരത്തിന് ഈ നേട്ടം സ്വന്തമാക്കിക്കൊടുത്തത്. എല്ലാ അങ്കണവാടികള്‍ക്കും മികച്ച കെട്ടിടസൗകര്യവും നാദാപുരത്തിനുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണം, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായ രീതിയില്‍ നടക്കുന്ന പഞ്ചായത്തെന്ന ഖ്യാതിയും നാദാപുരത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പി. ചന്ദ്രന്‍ ആണ് നാദാപുരം ഗ്രാഞമപഞ്ചായത്തിന്റെ സെക്രട്ടറി.