താലിബാന്റെ ക്രൂരതയ്ക്ക് ഇരയായി ഫാറൂഖ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും

single-img
11 April 2015
afganഅഫ്ഗാനിസ്ഥാനില്‍ താലിബാന്റെ തോക്കിന് ഇരയായി ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും. ഫാറൂഖ് കോളേജിലെ 2010-13 ബാച്ചിലെ ബിബിഎ വിദ്യാര്‍ത്ഥിയായ അഫ്ഗാന്‍ സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍സായിയെയാണ് താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസമായി താലിബാന്റെ പിടിയിലായിരുന്നു മന്‍സൂര്‍ അഹമ്മദ്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് മന്‍സൂര്‍ താലിബാന്റെ പിടിയിലായത്. അതെസമയം മന്‍സൂര്‍ അഹമ്മദ് എവിടെ വെച്ചാണ് താലിബാന്റെ പിടിയിലാകുന്നതെന്നോ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല.
മന്‍സൂര്‍ അഹമ്മദിന്റെ കൊലപാതക വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍് ഫാറുഖ് കോളേജിനെ ഞെട്ടിച്ചിരിക്കുകയാണ്. ഉപരിപഠനത്തിനായി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മന്‍സൂറിനെ താലിബാന്‍ വകവരുത്തിയത്.
മന്‍സൂര്‍ അഹമ്മദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഹപാഠികള്‍ അടക്കം നിരവധി പേര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാറൂഖ് കോളേജില്‍ ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍,യമന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നടക്കമുളള ആയിരകണകക്കിന് വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠിക്കുന്നുണ്ട്.