കേന്ദ്ര സർക്കാർ 1000 രൂപയുടെ മിനിമം ഇപിഎഫ് പെൻഷനും നിർത്തലാക്കി

single-img
11 April 2015

pensionന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വരിക്കാർക്ക് ചുരുങ്ങിയ പെൻഷനായി 1000 രൂപ നൽകുന്ന പദ്ധതി കേന്ദ്രം നിർത്തലാക്കി. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ധനമന്ത്രാലയം പദ്ധതി നിർത്തലാക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മിനിമം പെൻഷൻ നൽകി തുടങ്ങിയത്. യു.പി.എ സർക്കാറിന്റെ അവസാനനാളുകളിൽ എടുത്ത തീരുമാനം മോഡി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പ്രാബല്യത്തിൽ വന്നത്.

പെൻഷൻ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരേ ബി.എം.എസ് ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പുയർന്നു. കേന്ദ്രസർക്കാർ കോർപ്പറേറ്റ് അജൻഡയാണ് നടപ്പാക്കുന്നതെന്ന് ബി.എം.എസ് ആരോപിച്ചു. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ ശനിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ മേയ് 26ന് ഡൽഹിയിൽ സംയുക്ത സമ്മേളനം ചേരാൻ ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.

ഇ.പി.എഫ് വരിക്കാരിൽ 100 രൂപ വരെ പെൻഷൻ വാങ്ങുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾ ഉണ്ടെന്ന പശ്ചാത്തലത്തിലാണ് മിനിമം പെൻഷൻ 1000 രൂപയാക്കണമെന്ന ആവശ്യമുയർന്നത്. യു.പി.എ സർക്കാരിന്റെ തീരുമാനം മോഡി സർക്കാർ തീരുമാനം നടപ്പാക്കിയപ്പോൾ അത് സ്വാഗതം ചെയ്യപ്പെട്ടു. 32 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു. പദ്ധതി തുടരണമെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികൾ ആവശ്യമുന്നയിച്ചിരുന്നു.

ഫണ്ടില്ലെന്ന ധനമന്ത്രാലയത്തിന്റെ വാദത്തിൽ കഴമ്പില്ലെന്നാണ് ആരോപണം. പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ 3000 കോടി രൂപയും അവകാശികളില്ലാത്ത 6000 കോടിരൂപ ഇ.പി.എഫ് അക്കൗണ്ടിലുമുണ്ട്. തൊഴിലാളികളുടെ ഈ പണം ഉപയോഗിച്ച് മിനിമം പെൻഷൻ നൽകാം. എന്നാൽ ഈ തുക മുതിർന്ന പൗരൻമാർക്ക് പ്രത്യേക ക്ഷേമനിധി രൂപീകരിക്കാനും നിശ്ചിത പെൻഷൻ ഉറപ്പാക്കുന്ന ‘അടൽ പെൻഷൻ യോജന’ തുടങ്ങാനും വിനിയോഗിക്കുമെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞത്.