സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടക്കി; യുവാവ് രണ്ട് കൊല്ലത്തേക്ക് വിവാഹിതനാകരുതെന്ന് പഞ്ചായത്ത്

single-img
11 April 2015

arranged-marriageമീററ്റ്: സ്ത്രീധനം കുറഞ്ഞു പോയതിന് വിവാഹത്തിൽ നിന്നും പിന്മാറിയ യുവാവിന് ഖാപ് പഞ്ചായത്ത് ശിക്ഷിച്ചു. മുസഫര്‍നഗറിലെ റാസല്‍പ്പൂര്‍ ഗ്രാമവാസിയായ ഭൂപേന്ദര്‍ ബലിയാന്‍ എന്ന യുവാവിനെയാണ് രണ്ട് വര്‍ഷത്തേക്ക് വിവാഹം കഴിക്കരുതെന്ന് പഞ്ചായത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്.വന്‍ തുക സ്ത്രീധനമായി ആവശ്യപ്പെട്ട യുവാവ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇത് നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഖാപ് പഞ്ചായത്ത് യുവാവിനെ വിലക്കിയത്. വിലക്കിന് പുറമെ പെൺവീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി 81,000 രൂപ നല്‍കാനും പഞ്ചായത്ത് ഉത്തരവിട്ടു.മമത എന്ന പെണ്‍കുട്ടിയാണ് യുവാവിനെതിരെ ഖാപ് പഞ്ചായത്തില്‍ പരാതി നല്‍കിയത്. ഇതുവരെ എട്ട് പെണ്‍കുട്ടികളെ സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ ഉപേക്ഷിച്ചിട്ടുണ്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ തയ്യാറാക്കിയ ശേഷമാണ് ഇയാള്‍ സ്ഥിരമായി വിവാഹത്തില്‍ നിന്നും പിന്മാറുന്നത്.

ഏപ്രില്‍ 24 നാണ് സൈനികനായ ബലിയാനുമായുള്ള മമതയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. സ്ത്രീധനമായി ഒരു മോട്ടോര്‍ സൈക്കിള്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം വീട്ടിലെത്തിയ ബന്ധുക്കള്‍ അഞ്ച് ലക്ഷം രൂപയും കാറും ആവശ്യപ്പെട്ടു. തുടര്‍ന്ന് മമതയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും ഖാപ് പഞ്ചായത്തില്‍ പരാതി നല്‍കുകയുമായിരുന്നു.