അമേരിക്കൻ പൗരത്വം ആഗ്രഹിക്കുന്നവരെ പണം വാങ്ങി വിവാഹം കഴിക്കാറുണ്ടെന്ന് യുവതി

single-img
11 April 2015

marriageന്യൂയോര്‍ക്ക്: അമേരിക്കൻ പൗരത്വം ആഗ്രഹിക്കുന്നവരെ പണം വാങ്ങി വിവാഹം കഴിക്കാറുണ്ടെന്ന് യുവതി. അമേരിക്കൻ പൗരത്വം അപേക്ഷിക്കുന്ന യുവാക്കൾക്ക് പൗരത്വം വേഗത്തിൽ ലഭിക്കാൻ അവരിൽ നിന്നും പണം വാങ്ങി വിവാഹം കഴിക്കാറുണ്ടെന്ന് യുവതി കോടതിയിൽ അറിയിച്ചു. ലെയ്‌ന ബാരിയെന്റോസ് എന്ന യുവതിയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോൾ തനിക്ക് പത്ത് ഭര്‍ത്താക്കന്മാരുള്ള വിവരം വെളിപ്പെടുത്തിയത്.

പണത്തിന് വേണ്ടിയാണ് താന്‍ പത്ത് പേരെ വിവാഹം ചെയ്തതെന്നും പകരം ഭര്‍ത്താക്കന്മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിച്ചെന്നും ലെയ്‌ന പറഞ്ഞു. ലെയ്‌നയുമായി വിവാഹം കഴിഞ്ഞ ഉടനെ ഭര്‍ത്താക്കന്മാര്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ പൗരത്വം നിഷേധിക്കപ്പെട്ട പലരും ലെയ്‌നയെ ഉപേക്ഷിച്ച് പോവുകയാണുണ്ടായത്. കൂടാതെ പൗരത്വം ലഭിച്ച ശേഷവും പലരും വിവാഹ മോചനം നേടിയിട്ടുണ്ട്. നിലവില്‍ മൂന്ന് ഭര്‍ത്താക്കന്മാരാണ് ലെയ്‌നക്കുള്ളത്.

ഇത്തരത്തിൽ പൗരത്വത്തിനായി ലെയ്‌നയെ വിവാഹം ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി കഴിഞ്ഞ ദിവസം തീവ്രവാദ കേസില്‍ അറസ്റ്റിലായിരുന്നു. 1999 നും 2002 നും ഇടയ്ക്കാണ് പത്ത് പേരെ ലെയ്‌ന വിവാഹം ചെയ്തത്. ഈജിപ്ത്, തുര്‍ക്കി, ജോര്‍ജ്ജിയ, പാക്കിസ്ഥാന്‍ തുടങ്ങിയ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ലെയ്‌നയുടെ ഭര്‍ത്താക്കന്മാര്‍. മാലി പൗരനെയാണ് അവസാനമായി ഇവര്‍ വിവാഹം കഴിച്ചിരിക്കുന്നത്.

കുടിയേറ്റവുമായി ബന്ധപ്പെട്ട രേഖകളില്‍ ക്രിത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലെയ്‌നയെ അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പത്ത് വിവാഹം ചെയ്തതായി കണ്ടെത്തിയത്.