അമേരിക്കൻ വാര്‍ത്ത ചാനലായ എബിസിയുടെ ജനപ്രിയ ഷോകളെ ഇനി മലയാളി അവതരിപ്പിക്കും

single-img
11 April 2015

neenaവാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖ വാര്‍ത്ത ചാനലായ എബിസിയുടെ ജനപ്രിയ ഷോകളെ ഇനി മലയാളി അവതരിപ്പിക്കും. എബിസി ന്യൂസിലെ സഹ അവതാരകയായിട്ടാണ് മലയാളിയായ റീന നൈനാനെ നിയമിച്ചിരിക്കുന്നത്. ‘അമേരിക്ക ദിസ് മോണിംഗ്, വേള്‍ഡ് ന്യൂസ് നൗ എന്നീ പരിപാടികളിലാവും അവർ എത്തുക.  ടി.ജെ. ഹോംസ് ആണ് ഈ പരിപാടികളുടെ അവതാരകന്‍. റീന ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുളള വിവിധ വിഷയത്തില്‍ പ്രാവീണ്യമുളള മാധ്യമപ്രവര്‍ത്തകയാണെന്ന് എബിസി ന്യൂസ് പ്രസിഡന്റ് പറഞ്ഞു.

എബിസി ന്യൂസിന് വേണ്ടി ലോകവ്യാപകമായി യാത്രകള്‍ നടത്തി വിവിധ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയാണ് റീന റൈനാന്‍ ശ്രദ്ധേയയായത്. നെല്‍സണ്‍ മണ്ടേലയുടെ അവസാന മണിക്കൂറുകളും റിപ്പോര്‍ട്ട് ചെയ്ത് റീന ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിലും സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിലും റീന റൈനാന്‍ അനുഗമിച്ചിരുന്നു.  ഈയിടെ കെനിയയില്‍ ഗാരിസ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതു റീനയാണ്.

എബിസി ന്യൂസില്‍ ചേരുന്നതിന് മുമ്പ് ഫോക്‌സ് ന്യൂസിന്റെ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടറായിരുന്നു റീന. ഫോക്‌സ് ന്യൂസിന് വേണ്ടി ലിബിയ ഇന്തോനേഷ്യ, ഇന്ത്യ, ഇസ്രായേല്‍, ലെബനോണ്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് എന്നീവിടങ്ങളില്‍ റിപ്പോര്‍ട്ടറായി പോയിട്ടുണ്ട്.

ഫ്‌ളോറിഡയില്‍ ‘മെട്രോണിക്‌സ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ പ്രസിഡന്റായ മാവേലിക്കര പുതിയകാവ് കുറ്റിശ്ശേരില്‍മലയില്‍ മാത്യു നൈനാന്റെയും മോളിയുടെയും മകളാണ് റീന.  ഭര്‍ത്താവ് കെവിനും മക്കള്‍ ജാക്ക്, കെയ്റ്റ് എന്നിവര്‍ക്കുമൊപ്പം കണക്റ്റിക്കട്ടിലെ ഗ്രീന്‍വിച്ചിലാണു താമസം.