കെഎസ്ആര്‍ടിസിക്ക് മാത്രമായി 31 റൂട്ടുകളില്‍ പെര്‍മിറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ നിലപാടിന് ഹൈകോടതി അംഗീകാരം

single-img
11 April 2015

kerala-high-courtകൊച്ചി: കെഎസ്ആര്‍ടിസിക്ക് മാത്രമായി സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്ന 31 റൂട്ടുകളില്‍ പെര്‍മിറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ നിലപാടിന് ഹൈകോടതി അംഗീകാരം. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതിന് പകരം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിക്കാനും ഗതാഗത ആവശ്യം പരിഗണിച്ച് എണ്ണവും ട്രിപ്പും നിശ്ചയിക്കാനും 2009 ജൂലൈ 14ന് തീരുമാനമെടുത്തിരുന്നു. ഈ പദ്ധതി  ചോദ്യം ചെയ്ത് 40 ഓളം സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ ഹരജി തള്ളിയാണ്  ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവെച്ചത്.

കോട്ടയം -തേക്കടി, എറണാകുളം -തേക്കടി ഉള്‍പ്പെടെ സ്വകാര്യ ബസ് സര്‍വിസ് റൂട്ടുകള്‍ ദേശസാത്കരിക്കുന്ന നടപടിയാണ് കൂടുതല്‍ ഹരജിക്കാരും ചോദ്യംചെയ്തത്. 1967ലെ പദ്ധതി പ്രകാരം സമ്പൂര്‍ണ ദേശസാത്കൃത റൂട്ടുകളില്‍ ചെറിയ തോതില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. പിന്നീട് സ്വകാര്യ ബസുകളുടെ സര്‍വിസ് വ്യാപകമായി. സ്വകാര്യ സര്‍വിസുകള്‍ക്ക് അനുമതി നല്‍കുന്ന നടപടി ചോദ്യംചെയ്യുന്ന ഹരജിയില്‍ ഈ റൂട്ടുകളില്‍ സമ്പൂര്‍ണ ദേശസാത്കരണം നടപ്പാക്കണമെന്ന സിംഗ്ള്‍ ബെഞ്ച് ഉത്തരവും ഇതിനിടെയുണ്ടായി.

ഇതിനെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. തുടര്‍ന്ന് ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാറിനോട് എല്ലാവശങ്ങളും പരിഗണിച്ച് പദ്ധതി തയാറാക്കാന്‍ നിര്‍ദേശിച്ച് ഹരജികള്‍ തീര്‍പ്പാക്കുകയായിരുന്നു. തുടര്‍ന്നാണ് ബസ് സര്‍വിസ് അനുമതി സംബന്ധിച്ച് പദ്ധതികളുണ്ടാക്കിയത്. വീണ്ടും കോടതി ഇടപെടലുകളുണ്ടായതിനു ശേഷമാണ് 2009ല്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 2006 മേയ് ഒമ്പതിനുമുമ്പ് സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിയുന്നതുവരെ മാത്രം സര്‍വിസ് തുടരാന്‍ അനുമതി നല്‍കുന്നതായിരുന്നു പദ്ധതി.

അഞ്ച് കിലോമീറ്ററോ ആകെ റൂട്ട് ദൂരത്തിന്‍െറ അഞ്ച് ശതമാനമോ മാത്രമേ ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് അനുവദിക്കൂ. ഇവയുടെ പെര്‍മിറ്റ് കാലാവധി തീരുന്ന മുറക്ക് ദേശസാത്കൃത സര്‍വിസ് നടത്താനായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിങ്ങിന് (എസ്.ടി.യു) അനുമതിയും നല്‍കി. പുതുതായി അനുവദിക്കുന്ന പെര്‍മിറ്റുകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍തന്നെ ഓടിക്കാന്‍ തീരുമാനിക്കുകയും സര്‍വിസ് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് ചുമതലയും നല്‍കി. ഈ നടപടിക്കെതിരെയാണ് ഹരജിക്കാരായ സ്വകാര്യ ബസുടമകള്‍ കോടതിയെ സമീപിച്ചത്.