വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് അകമ്പടിവന്ന പോലീസ് വാഹനം മറ്റുവാഹനങ്ങള്‍ക്കിടയില്‍ കുരുങ്ങി; തിരിച്ചുപോയ ഉപാധ്യക്ഷന് ഒപ്പമെത്താന്‍ ഡ്രൈവര്‍ പടിക്കെട്ടിലൂടെ വാഹനമോടിച്ചു

single-img
10 April 2015

Jeepകാവുംഭാഗം കോട്ടപ്പുറത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് അകമ്പടി വന്ന പോലീസ് ജീപ്പ് സാഹസിക അഭ്യാസം കൊണ്ട് ശ്രദ്ധനേടി. മറ്റു വാഹനങ്ങള്‍ക്കിടയില്‍ കുരുങ്ങിയ പോലീസ് ജീപ്പ് പി.ജെ കുര്യന്‍ പുറപ്പെട്ടതിന് പിന്നാലെ വിടാന്‍ വേണ്ടി ഡ്രൈവര്‍ പടിക്കെട്ടുകളിലൂടെ ഓടിച്ചിറക്കി.

ഇന്നലെ വൈകിട്ട് മൂന്നിന പളളിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പി.ജെ. കുര്യന് അകമ്പടി വന്ന വാഹനമായിരുന്നു കുരുക്കില്‍പ്പെട്ടത്. പളളിയുടെ പ്രധാന വാതിലിലൂടെഅകത്തു കടന്ന തിരുവല്ല സ്‌റ്റേഷനിലെ ജീപ്പ് പരിസരത്തായി പാര്‍ക്ക് ചെയ്തിരുന്നപ്പോള്‍ ഇതിന് മുന്നിലും പിന്നിലുമായി മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു.

ഉപാധ്യക്ഷന്‍ പോകാനായി ഇറങ്ങിയപ്പോഴാണ് ജീപ്പ് പെട്ടുപോയ കാര്യം പോലീസിന് മനസ്സിലാകുന്നത്. പളളിയുടെ മറ്റൊരു ഭാഗത്തുളള വഴിയിലൂടെ പുറത്തിറക്കാനായി തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ജീപ്പ് സമീപത്തെ പടിക്കെട്ടുകളിലേക്ക് ഇറങ്ങുകയായിരുന്നു. നിയന്ത്രണം നഷ്ടമായി ആദ്യ രണ്ട് പടികളിലേക്ക് ചാടിയിറങ്ങിയ ജീപ്പ് പിന്നാക്കം എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമാകാതെ വന്നതോടെ പടിക്കെട്ടിലൂടെ തന്നെ ഡ്രൈവര്‍ സാഹസികമായിഓടിച്ചിറക്കുകയായിരുന്നു.

രക്ഷപ്പെട്ട ആശ്വാസത്തോടെ പിന്നീട് കുര്യന്റെ വാഹനത്തിന് പിന്നാലെ പോലീസ് ജീപ്പ് പാഞ്ഞു.