ലഹരിയെത്തുന്ന വഴികള്‍,  ഉള്‍വനങ്ങളില്‍ വ്യാപക കഞ്ചാവ് കൃഷിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 

single-img
10 April 2015
Marijaunaകോട്ടയം  : തമിഴ്‌നാട്- കേരളാ അതിര്‍ത്തിയില്‍ കഞ്ചാവ് കൃഷി നടക്കുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇടുക്കി പാലക്കാട് ജില്ലകളിലാണ് ഉള്‍വനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മധ്യമേഖല വിഭാഗമാണ് ഒരുമാസം മുന്‍പ് സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്.  ഇടുക്കിജില്ലയില്‍ ചിന്നാറിന്റെ ഉള്‍പ്രദേശം, ഇടമലക്കുടിയിലെ ഉള്‍വനങ്ങള്‍ എന്നിവിടങ്ങളില്‍ ചെറുകഞ്ചാവ് തോട്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്  .
   ചിന്നാറില്‍നിന്നും 12 കിലോമീറ്റര്‍ ഉള്‍കാട്ടില്‍ സ്ഥിതിചെയ്യുന്ന ഒലിക്കുടിയില്‍ കഞ്ചാവ് കൃഷി നടക്കുന്നതായി കൃത്യവിവരമാണ് നല്‍കിയതെന്ന് എക്‌സൈസിലെ ഉന്നതനായ ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞു.  തമിഴന്മാരുടെ സഹായത്തോടെയാണ് പലരും കഞ്ചാവ് നടുന്നത്. പാകമാകുന്ന കഞ്ചാവുചെടികള്‍ വനത്തിനുള്ളിലൂടെ മറയൂരില്‍ എത്തിച്ച് ചെറുകച്ചവടക്കാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ അഗളിയില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന് മൂന്ന് മാസങ്ങള്‍ക്കുമുന്‍പ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കാന്‍ പ്രാദേശിക എക്‌സൈസ് വിഭാഗം തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗംതന്നെ കഴിഞ്ഞദിവസം അഗളിയിലെത്തി 300 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചിരുന്നു. പാലക്കാട്ടേതുപോലെയുള്ള സ്ഥിതിയല്ല ഇടുക്കി ജില്ലയിലുള്ളത്. കൊടുംവനത്തിലൂടെ കഞ്ചാവ് നട്ടിരിക്കുന്നിടത്തേയ്ക്ക് എത്തണമെങ്കില്‍ വനവാസികളുടെ സഹായവും ആവശ്യമാണ്.