സീറ്റ് പ്രശ്‌നത്തില്‍ വിട്ടുപോയ ആര്‍.എസ്.പിയേയും ജനതാദളിനേയും എല്‍.ഡി.എഫിലേക്ക് തിരിച്ചു വിളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

single-img
10 April 2015

VS-new-stance-will-help-the-party-Kodiyeri12

രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലാതെ സീറ്റിന്റെ പേരില്‍ മുന്നണിവിട്ട ആര്‍.എസ്.പിയേയും ജനതാദളിനേയും തിരിച്ചു വിളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍? ആര്‍എസ്പി രാഷ്ട്രീയ കാരണങ്ങളാല്‍ അല്ല, ഒരു ലോക്‌സഭ സീറ്റില്‍ പേരിലാണ് മുന്നണിവിട്ടത്. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിച്ചു ടി.ജെ. ചന്ദ്രചൂഡന്‍ നടത്തിയ പ്രസംഗം ഒരു മാറ്റത്തിന്റെ സൂചനയാണെന്നും അവര്‍ ആ രാഷ്ട്രീയത്തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

ലോക്‌സഭ സീറ്റിന്റെ പേരില്‍ വിട്ടുമപായ ജനതാദളിനും യുഡിഎഫിന്റെ കൂടെ കൂടിയാലുള്ള അനുഭവം മനസിലായി. ഇത്രയും അഴിമതി നിറഞ്ഞൊരു സര്‍ക്കാരിന്റെ കൂടെ എങ്ങനെ ജനതാദളിനു തുടരാന്‍ കഴിയുന്നുവെന്നും കോടിയേരി ചോദിച്ചു. തൃശൂരില്‍ അവരുടെ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ കൊന്നിട്ട് ഏതെങ്കിലും ഒരു യുഡിഎഫ് നേതാവ് തിരിഞ്ഞു നോക്കിയോ എന്നും കോടിയേരി ചോദിച്ചു.

എന്നാല്‍ യുഡിഎഫില്‍ ആരെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാല്‍ അവരെ എല്‍ഡിഎഫില്‍ എടുക്കുമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എല്‍ഡിഎഫ് വഴിയമ്പലമല്ല. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള മുന്നണിയാണ്. യുഡിഎഫില്‍ അസംതൃപ്തരായ പലരും എല്‍ഡിഎഫിനോട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. അവര്‍ക്കെല്ലാം വേണ്ടത് സര്‍ക്കാരിനെ താഴെയിറക്കുകയാണ്. അങ്ങനെ സര്‍ക്കാരിനെ താഴെയിറക്കില്ലെന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണെന്നും കോടിയേരി പറഞ്ഞു.

കാലുമാറ്റിയും കൂറു മാറ്റിയും സര്‍ക്കാരിനെ മറിച്ചിടാന്‍ എല്‍ഡിഎഫ് ശ്രമിക്കില്ല. സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടത്. കേരളം ഭരിക്കുന്ന തല്ലിപ്പൊളി മുന്നണിയും തല്ലിപ്പൊളി സര്‍ക്കാരുമാണ്. ആ മുന്നണിയില്‍ തുടരണോ എന്നു യുഡിഎഫിലെ ഓരോ ഘടക കക്ഷിയും ചിന്തിക്കണമെന്നും കോടിയേരി പറഞ്ഞു.