വിസാ നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു

single-img
10 April 2015

VISAഇനി സ്മാര്‍ട്ടായ വിസ നടപടിക്രമങ്ങളുടെ കാലം. വിദേശത്തേക്ക് വിസയ്ക്കുവേണ്ടി ഇനി ആഴ്ചകളോളം ഓഫീസുകള്‍ കയറി ബുദ്ധിമുട്ടേണ്ട. വിദേശ യാത്രയ്ക്ക് മുമ്പുള്ള വിസാ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുകയാണ്.

ലോകത്തെ തന്നെ പ്രമുഖ വിസാ ഫെസിലിറ്റേറ്ററായ വിഎഫ്എസ് ഗ്ലോബലുമായി കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. യുഎഇയില്‍ വിസാ ആപ്ലിക്കേഷനുകള്‍ക്കായുള്ള ആപ്പിന്റെ അന്തിമ പണിപ്പുരയിലാണ് വിഎഫ്എസ് ഇപ്പോള്‍. അതിനുശേഷം ഉടന്‍തന്നെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്റെ നിര്‍മ്മിതിയിലേക്ക് കടക്കുമെന്നാണ് സൂചന. 120 രാജ്യങ്ങളിലായി 1514 വിസാ ആപ്ലിക്കേഷന്‍ സെന്ററുകളുടെ ചുമതല ഈ കമ്പനിക്കാണ്.

പത്ത് രാജ്യങ്ങളിലായി ഇന്ത്യയുടെ 33 വിസാ ആപ്ലിക്കേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തന ചുമതല വിഎഫ്എസിനാണ്. ലോകത്താകമാനം 45 സര്‍ക്കാരുകളുടെ സര്‍വ്വീസുകള്‍ കമ്പനി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. കാര്യക്ഷമവും സുരക്ഷിതത്വവും ഉപഭോക്തൃ സൗഹര്‍ദ്ദവുമായിരിക്കും ഇത്തരം സംവിധാനമെന്ന് വിഎഫ്എസ് ഗ്ലോബല്‍ സിഇഒ സുബിന്‍ കര്‍കാരിയ പറഞ്ഞു. വിസ അടിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സാങ്കേതികവിദ്യയ്ക്ക് സുപ്രധാനമായ പങ്കുണ്ടെന്നും വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഇത്തരം സംവിധാനം ആവിഷ്‌ക്കരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.

വിസാ അപേക്ഷകള്‍ കൂടാതെ ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്ക് വിസ ആവശ്യത്തിനുള്ള വിരലടയാളം രേഖപ്പെടുത്താനും മറ്റു രേഖകള്‍ വെരിഫൈ ചെയ്യാനുമുള്ള സംവിധാനവും വിഎഫ്എസ് രാജ്യത്ത് ഒരുക്കുന്നുണ്ട്.